കിടപ്പുരോഗിയുടെ കിടപ്പാടം ജപ്തി ഭീഷണിയിൽ
1544786
Wednesday, April 23, 2025 6:49 AM IST
വെള്ളറട: വികലാംഗയും കിടപ്പ് രോഗിയുമായ വയോധികയുടെ ദുഃഖം കാണാതെ ജപ്തി നോട്ടീസുമായി ബാങ്കുകാർ എത്തി.വര്‍ഷങ്ങളായി എണീറ്റു നടക്കാന്‍ കഴിയാത്ത വയോധികയെ വീട്ടില്‍ നിന്നും ഒഴിപ്പിക്കുവാന്‍ ജപ്തി നോട്ടീസുമായി ബാങ്ക് എത്തിയത്.
വര്‍ഷങ്ങളായി ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ദുഃഖത്തിലും ആരോരും തിരിഞ്ഞുനോക്കാന്‍ ഇല്ലാതെ പട്ടിണിയില്‍ കഴിയുകയാണ് വയോധികയായ കാനക്കോട് വടക്കുംകര പ്രിയ ഭവനില്‍ ഗിരിജ (61 ). വിവാഹം കഴിഞ്ഞിട്ട് 38 വര്‍ഷമായി. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു പോയി.
അതില്‍ ഒരു മകളുണ്ട്. വിവാഹാനന്തരം ഭര്‍ത്താവിന്റെയും ഇവരുടെയും പേരില്‍ എഴുതിവെച്ച 38 സെന്റ് വസ്തു ഉണ്ട് ആവസ്തു തിരികെ ലഭിച്ചാലെ രക്ഷയുള്ളു. ഗിരിജയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി മറ്റൊരു വിവാഹം കഴിച്ചതായി ഗിരിജ പറയുന്നു.
നാളിതുവരെ ഇവരെ തിരിഞ്ഞുനോക്കാന്‍ വരാത്ത ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചിട്ടും രണ്ടുപേരുടെയും പേരില്‍ എഴുതിവെച്ച വസ്തു തിരികെ എഴുതി നല്‍കാനോ വിവാഹമോചനം നടത്താനോ തയാറായിട്ടില്ല. ഭര്‍ത്താവിന്റെ വിഹിതമായ 19 സെന്റ് തിരികെ ലഭിച്ചാല്‍ ഗിരിജയുടെവിഹിതമായ 19 സെന്റും കൂടി വിറ്റ് കിട്ടുന്ന പണം കൊണ്ട് വീടിന്റെ ജപ്തി ഒഴിവാക്കാമായിരുന്നുവെന്ന് ഗിരിജ പറയുന്നു. വികലാംഗ ആയതിനാല്‍ താല്‍ക്കാലിക ജോലിയായി സെക്രട്ടേറിയറ്റില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.
അവിടെ നിന്നും ഹൗസിംഗ് കോപ്പറേറ്റീവ് ബാങ്ക് വഴി 25 ലക്ഷം രൂപ വായ്പയെടുത്താണ് സ്ഥലം വാങ്ങി വീട് നിര്‍മിച്ചത്. ബാക്കി തുകയ്ക്കായി കേരള ബാങ്കില്‍ നിന്നും വായ്പ എടുത്തു. ജോലി നഷ്ടപ്പെട്ടതോടെ ലോണ്‍ അടക്കാതെയായി.
വീടിന്റെ ഒരു ഭാഗത്ത് ബാങ്ക് ജപ്തി നോട്ടീസ് ഒട്ടിച്ചിരിക്കുകയാണ്. മറ്റൊരു വരുമാനവും ഇല്ലാതെ ഇവര്‍ നട്ടംതിരിയുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായി ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന് നല്കിയ വസ്തു തിരികെ ലഭിക്കാന്‍ വേണ്ട നടപടി ഉണ്ടാകണമെന്നാണ് ഗിരിജ പറയുന്നത്.