നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാർഡിന്റെ നവീകരണം ; ഗതാഗതക്രമീകരണം ഏർപ്പെടുത്തി
1544784
Wednesday, April 23, 2025 6:49 AM IST
നെടുമങ്ങാട് : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാർഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിലെ ചേമ്പറിൽ യോഗം ചേർന്നു. രണ്ടുദിവസത്തിനുള്ളിൽ നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനും ജൂൺ മാസത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് നിർമാണ പ്രവർത്തികൾ പൂർത്തികരിക്കുന്നതിനും ഇതിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ കൈക്കൊള്ളുന്നതിനും യോഗത്തിൽ തീരുമാനമായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ബുധനാഴ്ച -മുതൽ നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസുകൾ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം പുന:ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, വട്ടപ്പാറ ഭാഗത്തേക്കുള്ള ബസുകൾ നെടുമങ്ങാട് - തിരുവനന്തപുരം റോഡിൽ പുതിയതായി നിർമിച്ച റവന്യൂ ടവർ ബിൽഡിംഗിന്റെ എതിർവശവും പഴകുറ്റി വഴി കടന്നുപോകുന്ന വെമ്പായം വഴി മുരുക്കുമ്പുഴ, വെമ്പായം വഴി ആയൂർ,വിതുര, പാലോട്,
പുത്തൻപാലം വഴി ആറ്റിങ്ങൽ നെടുമങ്ങാട് - തിരുവനന്തപുരം റോഡിൽ എച്ച്പി പമ്പിന് സമീപവും കാട്ടാക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളവിക്കോണം ബസ് സ്റ്റോപ്പിന് മുന്നിലും കരിപ്പൂര് ഭാഗത്തേക്കുള്ള വാഹനങ്ങൾ നെടുമങ്ങാട് - സത്രംമുക്ക് റോഡിൽ ടൗൺ എൽപി സ്കൂളിന് മുൻവശത്തും മഞ്ച-അരുവിക്കര ഭാഗത്തുള്ള ബസുകൾ മഞ്ച വഴിയുള്ള സർവീസുകൾ ചന്തമുക്കിലും നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.