പ്രസ്ക്ലബ് മീഡിയാ ഫുട്ബോൾ ലീഗ് : സെലിബ്രിറ്റി മത്സരത്തിൽ ജോപോൾ ടീമിന് ജയം
1544775
Wednesday, April 23, 2025 6:40 AM IST
തിരുവനന്തപുരം : പ്രസ്ക്ലബ് മീഡിയാ ഫുട്ബോൾ ലീഗിന്റെ സമാപനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മുൻകാല ഫുട്ബോൾ താരങ്ങൾ അണിനിരന്ന സെലിബ്രിറ്റി മത്സരത്തിൽ ഐ.എം. വിജയൻ നയിച്ച ടീമിനെ 2-1 ന് തോൽപ്പിച്ച് ജോപോൾ അഞ്ചേരിയുടെ ടീം ജേതാക്കളായി.
ഐ.എം . വിജയന്റെ പ്രതിഭയുടെ മിന്നലാട്ടം കണ്ട മത്സരത്തിൽ ജേതാക്കൾക്കായി എബിൻ റോസും ബോണിഫേസും ഗോൾ നേടിയപ്പോൾ വിജയൻ ടീമിന്റെ ഗോൾ സുരേഷ് കാസർകോടാണ് നേടിയത്. ഇന്ത്യൻ ടീമിലും സന്തോഷ് ട്രോഫി ടീമുകളിലും ബൂട്ടണിഞ്ഞ മുൻകാല താരങ്ങളാണ് കളത്തിൽ അണിനിരന്നത്.
ഐ.എം.വിജയൻ ഇലവനിൽ , കെ.ടി.ചാക്കോ, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്സ് ഏബ്രഹാം, സുരേഷ് കുമാർ , സുരേഷ്, മൊയ്ദീൻ ഹുസൈൻ, അജയൻ, സുരേഷ് ബാബു, ജയകുമാർ എന്നിവരും ജോപോൾ അഞ്ചേരി നയിച്ച ടീമിൽ മാത്യു വർഗീസ്, ശിവകുമാർ, വി.പി. ഷാജി, കണ്ണപ്പൻ, ബി.എസ്.ശ്രീഹർഷൻ, ഇഗ്നേഷ്യസ്, എബിൻ റോസ്, എസ്.സുനിൽ, ഉസ്മാൻ, ബോണിഫേസ് , ജോബി ജോസഫ്, വി.ജയകുമാർ, വാൾട്ടർ ആന്റണി എന്നിവരും കളിക്കളത്തിലിറങ്ങി.
മീഡിയ ഫുട്ബോൾ ലീഗിന്റെ ഫൈനലിൽ മാധ്യമം ജേതാക്കളായി. നിശ്ചിത സമയത്തും സഡൻ ഡെത്തിലും കേരളകൗമുദിയുമായി സമനില പാലിച്ചതിനെ തുടർന്ന് ടോസിലൂടെയാണ് ജേതാക്കളെ നിശ്ചയിച്ചത്. വനിതകളിൽ അമൃത ടിവി ജേതാക്കളായി. ജനം ടിവി രണ്ടാമതെത്തി.
സമാപന സമ്മേളനത്തിൽ പത്മശ്രീ ജേതാവ് ഐ.എം.വിജയനെ ആദരിച്ചു.
മുൻ സ്പോർട്സ് മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാർ, ഉദയസമുദ്ര ഗ്രൂപ്പ് സിഇഒ രാജഗോപാല അയ്യർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ വി.വിനീഷ്, സംഘാടക സമിതി കണ്വീനർ ജോയ് നായർ എന്നിവർ പ്രസംഗിച്ചു.