വറുതി അകറ്റാൻ കാട്ടുകൂവയില...
1544770
Wednesday, April 23, 2025 6:40 AM IST
കുറ്റിച്ചൽ : വേനൽ തുടങ്ങി. കാട്ടിൽ കിഴങ്ങുകളോ കായ്കനികളോ കിട്ടാത്ത കാലം. അപ്പോൾ ഇവർക്ക് അന്നമൂട്ടുന്നത് കാട്ടുകൂവയിലകളാണ്. കടുത്ത പട്ടിണിയിൽ അവർക്ക് അന്നം കൊണ്ടുവന്നുകൊടുക്കുന്നത് ഈ ഇലകളാണ്. ഒരു നേരെത്ത ആഹാരം കഴിക്കുന്നതും ഇലകൾ ഉപയോഗിച്ച്. കാട്ടുകൂവയില ആദിവാസികളായ കാണിക്കാരുടെ ഒഴിവാക്കാനാകാത്ത കൂട്ടുകാരനാണ്.
കാട്ടിൽ പട്ടിണി പിടിമുറുക്കുമ്പോൾ ഇവ ശേഖരിച്ച് നാട്ടിലെത്തിച്ച് നല്ല വിലയ്ക്ക് വിൽക്കും. അങ്ങനെ കിട്ടുന്ന പണം ഇവരുടെ വയർ നിറയ്ക്കും. കാണിക്കാർ ആഹാരം കഴിക്കുന്നതും കൂവയിലയിലാണ്. മൂന്ന് ഇല നിവർത്തി വച്ചാൽ സദ്യ വിശാലമായി ഉണ്ണാം. കാണിക്കാർ തങ്ങളുടെ ദൈവങ്ങൾക്ക് പൂജ ചെയ്യുന്നതും കൂവയില വച്ചാണ്.
സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ ഇവർ കൂവയില തന്നെ ഉപയോഗിക്കുന്നു. കൂവയില ഉണക്കി അതിനകത്താണ് പണം, നാണയങ്ങൾ, പൊടിച്ച മുളക് പൊടി തുടങ്ങിയവ സൂക്ഷിക്കുന്നത്. മഴയത്ത് പോലും ഈർപ്പം തട്ടാതെ ഇരിക്കുമെന്നതിനാൽ ഇപ്പോൾ മൊബൈൽ ഫോൺ പോലും കൂവയിലയിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നവരും ധാരാളം.
കാണിക്കാർ കൂവയിലയിലാണ് മിക്ക സാധനങ്ങളും സൂക്ഷിക്കുന്നത്. കാട്ടിൽ വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും കൂവയില തന്നെ താരം. ഓണ സദ്യ പോലും കൂവയിലയിലാണ്. കാണിക്കാർ വനവിഭവങ്ങളായ കാട്ടുനെല്ലിക്കയും തിനമാവും കാട്ടുനെല്ലിന്റെ അവിലും പൊതിഞ്ഞ് നാട്ടിലെത്തിക്കുന്നതും കൂവയിലയിലാണ്.
ഇപ്പോൾ നാട്ടിലും ഇത്തരം ഇലകൾക്ക് പ്രിയമാണ്. തലസ്ഥാനത്തുനിന്നും നിരവധി പേർക്ക് കൂവയില നൽകുന്നുണ്ട്. നാടൻ ഭക്ഷണ കടകളിൽ കൂവയിലയിലാണ് ഭക്ഷണം നൽകുന്നത്.
കൂവയിലയിൽ പൊതിഞ്ഞ് മീൻ പൊള്ളിച്ചത് ചില ഹോട്ടലുകളിൽ നൽകുന്നുണ്ട്. അതിനും ഈ ഉൾകാട്ടിലെ കാട്ടുകൂവയിലയാണ് ഉപയോഗിക്കുന്നത്.
അടുത്തിടെ നഗരത്തിലെ സ്റ്റാർ സൗകര്യമുള്ള നിരവധി ഹോട്ടലുകൾ കൂവയില തേടി ഇവിടെ എത്തിയിരുന്നു. അവർക്കും കാണിക്കാരാണ് ഇല നൽകുന്നത്. ഇതു വഴിയും ഇവർക്ക് ഒരു വരുമാന മാർഗം കിട്ടുന്നു. കാട്ടിൽ സമൃദ്ധമായി വളരുന്ന കൂവയില മഴയത്തും കടുത്ത വേനലിലും കിട്ടും.