ചിറയിൻകീഴിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ
1544773
Wednesday, April 23, 2025 6:40 AM IST
ആറ്റിങ്ങൽ : എംഡിഎംഎയുമായി ഒരാളെ റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര പുളുന്തുരുത്തി പുതുവൽ വീട്ടിൽ സുശാന്ത് ( 34) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാല് ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു.
ഇയാളുടെ താമസ സ്ഥലത്തിന് സമീപ പ്രദേശത്ത് പ്രവർത്തിക്കുന്ന കോളജിലെയും സ്കൂളുകളിലെയും വിദ്യാർഥികളെ ലക്ഷ്യംവെച്ചാണ് ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശനന് ലഭിച്ച വിവരത്തെ തുടർന്ന് ഇയാൾ ഡാൻസാഫ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.
നർക്കോട്ടിക്ക് ഡിവൈഎസ്പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ എന്നിവരുടെ നിർദേശ പ്രകാരം ചിറയികീഴ് പോലീസ് ഇൻസ്പെക്ടർ വി. എസ്.വിനീഷ് സബ് ഇൻസ്പെക്ടർ മനു ഡാൻസാഫ് സബ് ഇൻസ്പെക്ട ർമാരായ എഫ്. ഫയാസ്, ബി.ദിലീപ്,
എഎസ്ഐ രാജീവൻ, സിപിഒ മാരായ സുനിൽരാജ്,റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.