ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തി ഡോ.ദീപ്തിലാൽ
1544787
Wednesday, April 23, 2025 6:49 AM IST
നെടുമങ്ങാട് : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 2024- 2025 കാലയളവിൽ ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തി നേട്ടം കൈവരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗവിഭാഗം മേധാവി ഡോ. ദീപ്തിലാൽ. 1270 നേത്ര ശസ്ത്രക്രിയകൾ നടത്തിയാണ് ഡോ.ദീപ്തിലാൽ ഈ നേട്ടം കൈവരിച്ചത്.
തൊട്ടു പിന്നിലായി പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഡോ.മാത്തൻ ഫിൻസി എലിസബത്തുമുണ്ട്. ഇവർ 988 ശസ്ത്രക്രിയകളാണ് നടത്തിയത്.കഴിഞ്ഞ വർഷത്തെ കെജിഎംഒയുടെ മികച്ച ഡോക്ടർ (സ്പെഷ്വാലിറ്റി കേഡർ) സംസ്ഥാന പുരസ്കാരവും 2023-2024 ഏറ്റവും കൂടൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാരിന്റെ അംഗീകാരവും ഡോ. ദീപ്തിലാലിനായിരുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയ ശേഷം കഴിഞ്ഞ നാലു വർഷത്തിനിടെ 4000 ത്തിലധികം തിമിരശസ്ത്രക്രിയകൾ പൂർത്തിയാക്കി മലയോര മേഖലയായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഒരു ഡോക്ടർക്കു കൈവരിക്കാവുന്ന ഏറ്റവും വലിയ നേട്ടമാണിത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ഡോക്ടറെ തേടി നൂറുകണക്കിനു രോഗികളാണ് പ്രതിദിനം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തുന്നന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് നേത്രപരിശോധനയും ശസ്ത്രക്രിയകളും നടക്കുന്നത്. ഒഫ്താൽമോളജി ടീമിന്റെ വലിയ പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് ഡോ.ദീപ്തിലാൽ പറഞ്ഞു.