കരമനയാറില്‍ പ്ലാസ്റ്റിക് കുപ്പികള്‍ തള്ളുന്നു
1544769
Wednesday, April 23, 2025 6:40 AM IST
പേരൂര്‍ക്കട: പാരിസ്ഥിതിക പ്രശ്നം വീണ്ടും സൃഷ്ടിച്ചുകൊണ്ട് കരമനയാര്‍ ഒഴുകുന്ന ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളുടെ വന്‍ ശേഖരം.
മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍, മദ്യക്കുപ്പികള്‍, വസ്ത്രങ്ങള്‍ കഴുകുന്നതിനുള്ള ലായനികള്‍ നിറച്ച കുപ്പികള്‍, മരുന്നുകടകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കഫ്സിറപ്പുകള്‍ നിറച്ച കുപ്പികള്‍, വീടുകളില്‍ നിന്ന് പുറത്തുകളയുന്ന പ്ലാസ്റ്റിക് കുപ്പികള്‍, പാഴായിപ്പോയ വീട്ടുപകരണങ്ങളുടെ ഭാഗങ്ങള്‍ എന്നിവയാണ് മലമുകള്‍ മണലയം ഭാഗത്ത് കരമനയാര്‍ ഒഴുകുന്ന തീരത്തിനടുത്ത് കിടക്കുന്നത്.
മലമുകള്‍ മണലയത്ത് ആറിന്റെ ഒഴുക്ക് നിലച്ച ഭാഗത്താണ് ബോട്ടിലുകൾ കൂടിക്കിടക്കുന്നത്.
കാര്‍ഷികവൃത്തിക്ക് ഏറെ സാധ്യതകള്‍ കാണുന്ന ഈ ഭാഗത്ത് വെള്ളത്തിന് രൂക്ഷഗന്ധമാണ്.
പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്ത് ജനങ്ങള്‍ കുളിക്കാന്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കരമനയാര്‍ വീണ്ടും മലിനമാകാന്‍ തുടങ്ങിയതോടെ ഇതും വഴിമുട്ടുമെന്ന അവസ്ഥയാണ്. വന്‍തോതില്‍ ലായനികള്‍ വെള്ളത്തില്‍ കലരുന്നത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കും.
അടുത്തിടെ കരമനയാറിന്റെ മാലിന്യപ്രശ്നം സംബന്ധിച്ച വാര്‍ത്ത ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളുടെ വന്‍ ശേഖരം ഇവിടെനിന്ന് കുറച്ചുനാള്‍ മുമ്പ് നീക്കം ചെയ്തുവെങ്കിലും വീണ്ടും ഇവിടെ പ്ലാസ്റ്റിക് ബോട്ടിലുകൾ കൂടികിടക്കുന്ന അവസ്ഥ യാണ് ഉള്ളത്.
കരമനയാറിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ ബോധവത്കരണം ജനങ്ങള്‍ക്കു നല്കിയാല് മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.