പ്രധാനമന്ത്രിയുടെ വരവ് : സർക്കാരിന്റെയും എസ്പിജിയുടെയും നിർദേശങ്ങൾ കാത്ത് തുറമുഖ അധികൃതർ
1544782
Wednesday, April 23, 2025 6:49 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ചരിത്രമുഹൂർത്തം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞത്തേക്കുള്ള വരവ്, സർക്കാരിന്റെയും എസ്പിജിയുടെയും നിർദേശങ്ങളും കാത്ത് തുറമുഖ അധികൃതർ. തുറമുഖ കവാടത്തിന് വലതു ഭാഗത്തായി കൂറ്റൻ പന്തൽ ഒരുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.എസ്പിജി യുടെ പരിശോധനയും നിർദേശങ്ങളും എത്തിയാൽ നിർമാണം ആരംഭിക്കും.
കരമാർഗം വിഴിഞ്ഞത്ത് എത്താനുള്ള ഏകപാതയുടെ കാര്യത്തിലും തീരുമാനമുണ്ടാകണം. എയർപോർട്ടിൽ നിന്ന് കഴക്കൂട്ടം- കാരോട് ബൈപ്പാസ് വഴി കോവളത്ത് വന്ന ശേഷം തിരിഞ്ഞ് വിഴിഞ്ഞം കളിയിക്കാവിള തീരദേശ റോഡ് മാർഗം വേണം തുറമുഖത്ത് എത്താൻ ഏറെ വളവും തിരിവുമുള്ള തീരദേശ റോഡുവഴിയുള്ള യാത്രയുടെ സുരക്ഷയും സ്പെഷൻ പ്രൊട്ടക്ഷൻ ഫോഴ്സ് വിലയിരുത്തണം. തുറമുഖത്ത് നിന്ന് ആരംഭിച്ച് ബൈപ്പാസിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ പണി ഇഴഞ്ഞതാണ് ഇതിനെല്ലാം തിരിച്ചടിയായത്.
പ്രധാന റോഡിൽ നിന്ന് താത്കാലിക റോഡ് നിർമിച്ച് കരവഴിയുള്ള കണ്ടെയ്നർ നീക്കത്തിനുള്ള തീരുമാനം നടക്കാതെ പോയതും പ്രശ്നമായി. പിന്നെയുള്ളത് ആകാശമാർഗം ഹെലികോപ്റ്റർ വഴിയുള്ള വരവായിരിക്കും.
തുറമുഖത്തിനുള്ളിൽ ഹെലികോപ്റ്റർ ഇറക്കണമെ ങ്കിലും സർക്കാരിന്റെ തീരുമാനത്തിൽ പ്രത്യേക സൗകര്യമൊരുക്കണം. ഇനിയുള്ള ഒൻപത് ദിവസത്തിനുള്ളിൽ എല്ലാ സംവിധാനങ്ങളും ത്വരിതഗതിയിൽ പൂർത്തിയാക്കാനുള്ള തിരക്കിലാണ് തുറമുഖ അധികൃതർ. പ്രധാനമന്ത്രിയുടെ വരവിനായുള്ള സ്വാഗതസംഘ രൂപീകരണവും കഴിഞ്ഞ ദിവസം നടന്നു.