ആശമാർക്കായി എല്ലാ തദ്ദേശസ്ഥാപനങ്ങളും ഓണറേറിയം പ്രഖ്യാപിക്കണം: മോൺ. യുജിൻ പെരേര
1544423
Tuesday, April 22, 2025 6:03 AM IST
തിരുവനന്തപുരം: ആശാ വർക്കർമാർക്കായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഓണറേറിയം പ്രഖ്യാപിക്കാൻ തയാറാകണമെന്ന് ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യുജിൻ എച്ച്. പെരേര.
ബജറ്റിൽ തുക വകയിരുത്തി ആശാ വർക്കേഴ്സിനായി പ്രത്യേക അലവൻസ് നൽകുമെന്ന് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചുകൊണ്ട് ആശാ സമര സമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടിത്തട്ടിലുള്ള ഭരണസംവിധാനം ആശാവർക്കർമാർക്കൊപ്പമാണ് എന്ന തിരിച്ചറിവ് ഉൾക്കൊണ്ടെങ്കിലും സംസ്ഥാന സർക്കാർ കണ്ണു തുറക്കേണ്ടതുണ്ട്. അടിസ്ഥാന ജനവിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങൾ തിരിഞ്ഞ് നോക്കാത്ത ഭരണ സംവിധാനം വരും നാളുകളിൽ ജനകീയ ഇടപെടലുകളുടെ കരുത്ത് മനസിലാക്കും. ആശാവർക്കർമാരുടെ തൊഴിലവകാശങ്ങൾ സ്ഥാപിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ആശാ വർക്കേഴ്സിന് പ്രത്യേക അലവൻസ് നൽകുവാനുള്ള പ്രഖ്യാപനം നടത്തിയത്. പ്രത്യേക അലവൻസ് നൽകുമെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കുമുള്ള ആദരമായിരുന്നു സമരവേദിയിൽ നടന്നത്. ആശമാർ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളെ റോസാ പൂച്ചെണ്ടും കസവുമുണ്ടും നൽകി തങ്ങളുടെ നന്ദി പ്രകാശിപ്പിച്ചു എറണാകുളം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറന്പിൽ, പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ്,എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ,കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ ഷറഫുദ്ദീൻ,കൊല്ലം നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന പറന്പിൽ എന്നിവർ സമരവേദിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
കഴിഞ്ഞ മാസത്തെ തന്റെ ഓണറേറിയം സമരസമിതിക്ക് സംഭാവന ചെയ്ത , എറണാകുളം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറന്പിൽ ഇത്തവണത്തെയും തുക സംഭാവനയായി നൽകി.’നമ്മുടെ തിരുവല്ല’ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി അഡ്വ. ലാലിച്ചൻ, എ കെസിടിഎ കോപ്പറേറ്റിവ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോയി വടക്കൻപാടൻ, കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി ജോർജ്,ശശീന്ദ്രൻ, ചെറുമൂട് മോഹനൻ,കുഞ്ഞാലിപറന്പൻ എന്നിവരും സമരവേദിയിൽ എത്തി പിന്തുണ നൽകി.