കുണ്ടമൺകടവ് പാലം പൈതൃക ഇടനാഴിയാക്കാനുള്ള നീക്കം "ഒഴുകിപോയി'
1544414
Tuesday, April 22, 2025 6:03 AM IST
പേയാട് : ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുണ്ടമൺകടവ് പാലം പൈതൃക ഇടനാഴിയാക്കാനുള്ള നീക്കം ഏതാണ്ട് ഒഴുകിപ്പോയ മട്ടിലായി. മലയോരപ്രദേശങ്ങളെ തലസ്ഥാനവുമായി ബന്ധപ്പെടുത്തുന്ന, കരമനയാറിന് കുറുകെയുള്ള കുണ്ടമൺകടവ് പാലത്തിന് തൊട്ടുടുത്ത് പുതിയ പാലം ഉയർന്നപ്പോഴാണ് പഴയ പാലത്തെ സംരക്ഷിക്കാൻ നീക്കമുണ്ടായത്.
മുല്ലപെരിയാർ ഡാം നിർമാണ ഘട്ടത്തിലാണ് കരമനയാറിനു കുറുകെ പാലം പണിതത്. അതുവരെ ചങ്ങാടം ഉപയോഗിച്ച് യാത്ര നടത്തിയിരുന്നവർക്ക് പാലം ആശ്വാസമായി. ശ്രീമൂലം തിരുനാളാണ് 1898 ൽ പാലം നിർമിച്ചത്. കരമനയാറിൽ പാലം കെട്ടി ഉയർത്തിയ ബ്രിട്ടീഷ് എൻജിനീയർമാരെ ഇവിടെ വരുത്തിയാണ് ബലത്തിൽ ഇരുമ്പ് പാലം കെട്ടി ഉയർത്തിയത്. ഇംഗ്ലണ്ടിൽ നിന്നാണ് പാലത്തിനായി വസ്തുക്കൾ എത്തിച്ചതെന്നു പഴയ രേഖകൾ പറയുന്നു. അതോടെ ഒറ്റപ്പെട്ടു കിടന്ന ഗ്രാമങ്ങളിൽ വികസനം എത്തി.
പഴയ കാളവണ്ടികളും പുക തൂകി പായുന്ന ബസുകളും മാറി മറ്റു വണ്ടികൾ വർധിച്ചതോടെ പാലത്തിനു താങ്ങാവുന്നതിൽ അധികം ഭാരം കയറിത്തുടങ്ങി. ടൺ കണക്കിനു ഭാരം താങ്ങുന്ന ലോറികൾ പോയതോടെ പാലം നാശത്തിന്റെ വക്കിലായി. ഇടയ്ക്കിടെ അറ്റകുറ്റ പണികൾ നടത്തി അധികൃതർ മടങ്ങും. എന്നാൽ പാലത്തിന്റെ പല ഭാഗത്തും വിള്ളലും മറ്റും വന്നു തുടങ്ങി. പാലത്തിന്റെ ചുവട്ടിൽനിന്നുപോലും വൻ തോതിൽ മണലൂറ്റൂ നടന്നതോടെ അടിവാരവും ഇളകി തുടങ്ങി. ഇടയ്ക്ക് പാലത്തിന്റെ ഒരു ഭാഗം ഇളകി വീഴുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് ഭാരം താങ്ങാതെ പാലം കിതയ്ക്കാൻ തുടങ്ങിയത്. തുടർന്നാണ് പുതിയ പാലം വന്നത്. അതിനിടെ പഴയ പാലം മാലിന്യങ്ങൾ തള്ളുന്നതിനുള്ള ഇടമായും മാറി. കരമനയാറ്റിൽ മാലിന്യങ്ങൾ ഇടാൻ ആളൊഴിഞ്ഞ പാലം പലരും ഉപയോഗിച്ചു തുടങ്ങിയതോടെയാണു പാലത്തിന്റെ സംരക്ഷണം ചർച്ചയായത്.
സാംസ്കാരിക കൂട്ടായ്മകൾക്കായി പൈതൃക ഇടനാഴിക്കായി സംവിധാനം ഒരുക്കാനുള്ള നീക്കവും ഉദ്ദേശിച്ചിരുന്നു. സിസിടിവി കാമറകൾ സ്ഥാപിക്കാനും നിരീക്ഷണ സമിതികൾ രൂപീകരിക്കാനും ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ അതൊക്കെ കരമനയാറിലെ വെള്ളം ഒഴുകിപോയ മട്ടിലായി മാറി.