വോൾട്ടേജ് ക്ഷാമം: നാട്ടുകാർ ട്രാൻസ്ഫോർമറിൽ റീത്തുവച്ചു
1544412
Tuesday, April 22, 2025 6:03 AM IST
നെടുമങ്ങാട്: വോൾട്ടേജ് ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ട്രാൻസ്ഫോർമറിൽ റീത്തുവച്ച് പ്രതിഷേധിച്ചു. അരുവിക്കര പഞ്ചായത്തിലെ മൈലമ്മൂട് വാർഡിലെ മുറിവാതുക്കൽ, ഗോതമ്പി പ്രദേശങ്ങളിലെ ജനങ്ങളാണ് മുറിവാതുക്കലിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിൽ റീത്തുവച്ചത്.
പ്രദേശങ്ങളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് എട്ടു മാസം മുമ്പ് വൈദ്യുതി ബോർഡ് അധികൃതർ മുറിവാതുക്കലിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചെങ്കിലും നാളിതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. ട്രാൻസ്ഫോർമർ അടിയന്തിരമായി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീരം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വൈദ്യുതി ബോർഡിന് പരാതി നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിമൂലം വൈദ്യുതകമ്പികൾ ലഭ്യമാകാത്തതിനാലാണു ട്രാൻസ്ഫോർമർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.