ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഭൂരിഭാഗം പേരും ആശുപത്രി വിട്ടു
1544410
Tuesday, April 22, 2025 6:03 AM IST
പേരൂര്‍ക്കട: മണക്കാട്ടെ ഇസ്താന്‍ബുള്‍ റോള്‍സ് ആൻഡ് ഗ്രില്സില് നിന്നു ഷവര്‍മ കഴിച്ചു ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ട് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഭൂരിഭാഗം പേരും വിടുതൽനേടി. വെള്ളിയാഴ്ച വൈകുന്നേരം ഇവിടെനിന്ന് ആഹാരം കഴിച്ചവരില്‍ 86 പേരാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വകാര്യാശുപത്രികളിലും ഗവ. ആശുപത്രികളിലുമായി ചികിത്സ തേടിയത്. ഇതില്‍ ഒന്പതുപേര് കുട്ടികളായിരുന്നു.
ആരുടെയും നില ഗുരുതരമായിരുന്നില്ല. ഇനി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 10 പേര് മാത്രമാണെന്നാണു വിവരം. സംഭവത്തെ തുടര്‍ന്ന് ഹെല്‍ത്ത് അധികൃതര്‍ പരിശോധന നടത്തുകയും ആഹാരത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഹോട്ടല്‍ താത്കാലികമായി പൂട്ടിയിരിക്കുകയാണ്.