അന്പലമുക്ക് വിനീത കൊലക്കേസ്: ശിക്ഷ 24നു പ്രഖ്യാപിക്കും
1544421
Tuesday, April 22, 2025 6:03 AM IST
തിരുവനന്തപുരം: പേരൂർക്കട അന്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായിരുന്ന നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീത (38) യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതി കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രൻ (40) കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ശിക്ഷാവിധിയേക്കുറിച്ചുള്ള വാദം ഇന്നലെ പൂർത്തിയായി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂണ് മോഹനാണു കേസ് പരിഗണിക്കുന്നത്. 70 വയസുള്ള അമ്മയെ നോക്കണമെന്നു പ്രതി രാജേന്ദ്രൻ കോടതി മുന്പാകെ പറഞ്ഞു. പശ്ചാത്താപമുണ്ടോ എന്നു ചോദിച്ചപ്പോൾ തെറ്റു ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നു മറുപടി പറഞ്ഞു.
കേസ് അപൂർവങ്ങളിൽ അപൂർവമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്നു പ്രതിയേക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചു സമർപ്പിച്ച റിപ്പോർട്ടുകൾ പ്രതിക്കെതിരാണ്. പ്രതി പുറത്തിറങ്ങിയാൽ സമാന കുറ്റകൃത്യം ചെയ്തേക്കാമെന്നു ജില്ലാ കളക്ടർ അടക്കമുള്ളവർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കൊടും കുറ്റവാളിയായ പ്രതിക്കു മാനസിക പരിവർത്തനത്തിനു സാധ്യത ഇല്ലെന്നു പോലീസും റിപ്പോർട്ട് നൽകി. കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും പ്രതി കൊലപ്പെടുത്തിയ നാലുപേരിൽ മൂന്നും സ്ത്രീകളായിരുന്നുവെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ പറഞ്ഞു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും പൈശാചികവും സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കിൽ ശിക്ഷാ ഇളവിനു പ്രതി അർഹനാണന്നും ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പു വരുത്താനാവില്ലന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഒരു പരന്പര കൊലയാളി എന്ന നിലയിൽ പ്രതി സമൂഹത്തിനു ഭീഷണിയാണ്. നിരപരാധികളെ ദാരുണമായ അന്ത്യത്തിൽ നിന്നു രക്ഷിക്കാനുള്ള ഏക മാർഗം വധശിക്ഷയാണന്നു പ്രോസിക്യൂഷൻ ശക്തമായ നിലപാടെടുത്തു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നു പ്രതിഭാഗം അഭിഭാഷകനും പറഞ്ഞു.