തുണിക്കട ഉടമയായ വിമുക്തഭടനുനേരെ ലഹരി സംഘത്തിന്റെ ആക്രമണം
1544419
Tuesday, April 22, 2025 6:03 AM IST
വെള്ളറട: തുണിക്കട ഉടമയായ വിമുക്തഭടനു ലഹരി സംഘത്തിന്റെ മർദനമേറ്റു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തു കൈയിൽ വെടിയേറ്റ വിമുക്ത ഭടന് സജികുമാര്‍ ആര്യങ്കോട് കുറ്റിയായനിക്കാട്ടു നടത്തിവന്ന മകയീരം തുണിക്കടയിലാണു ലഹരി സംഘം ആക്രമണം നടത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന്റെ കടയില്‍ മൂന്നുപേര്‍ എത്തുകയും തോര്‍ത്തു വാങ്ങി ഗൂഗിള്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടാവു കയും ചെയ്തത്. സജികുമാറിന്റെ ഭാര്യയോട് ഇവര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നു തര്‍ക്കവും ഉണ്ടായി.
തിരിച്ചുപോയ അക്രമിസംഘം കമ്പിപ്പാരയുമായി വന്നു കട അടിച്ചു തകര്‍ക്കുകയും സജിയെ അക്രമിക്കുകയുംചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന സജിയുടെ അളിയന് സജി എസ്. നായര്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്കും കൈക്കും അടിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മണ്ണാംകോണം മൊട്ടലുമൂട് സ്വദേശി ജോജോ (28)യാണ് പിടിയിലായത്. സംഭവത്തില്‍ ആര്യങ്കോട് പോലീസ് കേസെടുത്തു. അക്രമിസംഘത്തിലെ ബാക്കിയുള്ള പ്രതികളായ തെള്ളുക്കുഴി സ്വദേശികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിമാക്കിയിട്ടുണ്ട്.