ബസ് യാത്രികയുടെ മാല കവര്‍ന്ന ആള് പിടിയില്‍
1536711
Wednesday, March 26, 2025 7:11 AM IST
പേരൂര്‍ക്കട: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല കവര്‍ന്നയാളെ വഞ്ചിയൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് തിരുവള്ളൂര്‍ പൊളിവാക്കം വിഘ്നേശ്വര്‍ നഗര്‍ ഹൗസ് നമ്പര്‍ 448-ല്‍ ഇളയരാജ (46) ആണ് പിടിയിലായത്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് കേസിന്നാസ്പദമായ സംഭവം. ചിറയിന്‍കീഴ് സ്വദേശിനി ശോഭകുമാരിയുടെ 10 പവന് സ്വര്‍ണമാലയാണ് നഷ്ടമായത്.
പാലക്കാടു ഭാഗത്തുനിന്ന് ഒരു കാറില്‍ ഇളയരാജ ഉള്‍പ്പെട്ട സംഘം തിരുവനന്തപുരത്തേക്ക് വരികയുണ്ടായി. വാഹനം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തശേഷം തിരുവനന്തപുരം ആയുര്‍വേദ കോളജ് ഭാഗത്തുവച്ച് ശോഭകുമാരി സഞ്ചരിച്ച ബസില്‍ കയറി മാല പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിക്കൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. മാല കണ്ടെത്തുന്നതിനുള്ള അന്വേഷണവും ഊര്‍ജ്ജിതമാണെന്ന് വഞ്ചിയൂര്‍ എസ്ഐ പറഞ്ഞു.
പരാതിയെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇളയരാജ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.