മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട് : അന്വേഷണം ക്രൈംബ്രാഞ്ചിന്
1489524
Monday, December 23, 2024 6:55 AM IST
നെടുമങ്ങാട് : മുണ്ടേല രാജീവ്ഗാന്ധി റെസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
സംഘത്തിലെ ഭരണസമിതി അംഗങ്ങളും ചില ജീവനക്കാരും ചേർന്ന് സാമ്പത്തിക തിരിമറി നടത്തിയതായി നിക്ഷേപകർ സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. തുടർന്ന് സഹകരണ നിയമം 65 പ്രകാരം സംഘത്തിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. ഇതിനെ തുടർന്ന് സഹകരണ നിയമം 68 (1) പ്രകാരം രണ്ടാംഘട്ട അന്വേഷണങ്ങൾ വകുപ്പ് തലത്തിൽ നടന്നുവരവേയാണ് കൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്.
സംഘത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് സഹകരണവകുപ്പിനും പോലീസിനും ലഭിച്ചത്. നിക്ഷേപകരുടെ പരാതിയിൽ അരുവിക്കര പോലീസ് 31 കേസുകളാണ് രജിസ്ട്രർ ചെയ്തിട്ടുള്ളത്. പരാതികൾ പ്രകാരം നിക്ഷേപകർക്ക് നൽകാനുള്ള തുക അഞ്ച് കോടി രൂപയ്ക്ക് മുകളിലായതോടെയാണ് അന്വേഷണം കൈംബ്രാഞ്ചിന് കൈമാറിയത്. നിലവിൽ എഫ്ഐആർ. ഇട്ട 31 കേസും ബാക്കിയുള്ള പരാതികളും സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക.
15 ദിവസത്തിനകം ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് പോലീസ് മേധാവിയുടെ ഉത്തരവ്. സംഘത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയടക്കം അഞ്ച് ജീവനക്കാർ സസ്പെൻഷനിലാണിപ്പോൾ.
ഭരണസമിതിയെ പിരിച്ചുവിട്ടതിനെ തുടർന്ന് സംഘം ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സസ്പെൻഷനിലായ ഒരു ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട് .