ജാതിമത ഭേദമന്യേ കുരുന്നുകളുടെ ക്രിസ്മസ് കാരൾ
1489521
Monday, December 23, 2024 6:55 AM IST
ആർ. സി. ദീപു
നെടുമങ്ങാട്: കടുക്കാക്കുന്ന് ഗവ. എൽപിഎസിലെ കുരുന്നുകളും അധ്യാപക- രക്ഷകർത്താക്കളും പിടിഎയും ചേർന്ന് ജാതി മത ഭേദമന്യേ തെരുവുകളിലും പോലീസ് സ്റ്റേഷനിലും കാരൾ സന്ദേശവുമായി എത്തി.
പൊതു നിരത്തുകളിലും പോലീസ് സ്റ്റേഷനുകളിലുമെത്തി കുരുന്നുകൾ കാരൾ ഗാനങ്ങൾ ആലപിച്ച് നൃത്ത ചുവടുകൾ കൊണ്ട് താളം പിടിച്ചത് മതേതരത്തിന്റെ പ്രതീകമായി. മതങ്ങൾ എല്ലാം മറന്ന് മനുഷ്യരാണ് നമ്മൾ എന്ന ചിന്തയാണ് ആദിവാസി മേഖലയിൽ സ്ഥിതി ചെയ്യുന്ന വിനോബാനികേതന് സമീപത്തെ കടക്കാക്കുന്ന് ഗവ.എൽപിഎസിന് സമീപം താമസിക്കുന്നവർ നൽകുന്ന സന്ദേശം.
ഇവിടെ ഓണം, പെരുന്നാൾ, ക്രിസ്മസ് ന്യൂ ഇയർ എല്ലാം ആഘോഷമാണ്, മതങ്ങളുടെ വേർതിരിവില്ലാതെ രാവോളം നീളുന്ന പരിപാടികളാണ് എല്ലാ വർഷവും സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ക്രിസ്മസ് കാരൾ സന്ദേശവുമായി കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് പൊതു ഇടങ്ങളിൽ കാരൾ സന്ദേശമെത്തിച്ചത്. പരാതീനതകൾ ഏറെയുണ്ടെങ്കിലും നിഷ്കളങ്കതയുടെ പര്യായമാണ് ഈ പള്ളിക്കൂടം.
75 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനത്തിന് പൂർവ വിദ്യാർഥികൾ സഹകരണവും പ്രോത്സാഹനവും നൽകി വരുന്നു.
കുട്ടികൾക്ക് വിവിധ ഭാഷകൾ കൈകാര്യം ചെയ്യുവാനും സദസുകളിൽ പ്രസംഗിക്കാനും, കലാ പരമായ കഴിവുകൾ വളർത്തിയെടുക്കാനും സ്കൂൾ തയാറാകുന്നുണ്ട്. കാരളിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾ, പറണ്ടോട് ജംഗ്ഷൻ, ആര്യനാട് പോലീസ് സ്റ്റേഷൻ തുടങ്ങീയ സ്ഥലങ്ങളിൽ കാരൾ ഗാനങ്ങൾക്കൊപ്പം നൃത്തം വച്ചു. പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികൾക്ക് വൻ സ്വീകരണമാണ് പോലീസ് ഒരുക്കിയത്.
പ്രഥാന അധ്യാപിക ഷഫീല, തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസാർ, പിടിഎ പ്രസിഡന്റ് ബലവീര ഹരി, ജയകുമാർ, അധ്യാപകർ, തുടങ്ങിയവർ നേതൃത്വം നൽകി.