റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച കാർ മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു
1489515
Monday, December 23, 2024 6:46 AM IST
നെടുമങ്ങാട്: റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച കാർ മറിഞ്ഞ് ആര്യനാട് പറണ്ടോട് മലരുവീണ കരിക്കകം വിഷ്ണു ഭവനിൽ വി.വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഒന്നര വയസുകാരനായ റിത്വിക് മരിച്ചു. വിഷ്ണു (27), ഭാര്യ കരിഷ്മ (26), ബന്ധുക്കളായ ജിഷ്ണു (16), അജിത് (25), ശ്രീനന്ദ (16), നീരദ് (മൂന്നര) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
നെടുമങ്ങാട് - ആര്യനാട് റോഡിൽ പുതുക്കുളങ്ങരയിൽ ശനിയാഴ്ച്ച രാത്രി 12മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ പോയി സിനിമ കണ്ടശേഷം നെടുമങ്ങാട്ടെത്തി തിരികെ വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. വിഷ്ണുവാണു കാർ ഓടിച്ചിരുന്നത്. റോഡിന്റെ വശത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചശേഷം കാർ മറിയുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. റിത്വിക് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാർ തകർന്നു. ചികിത്സയിൽ കഴിഞ്ഞ അജിത്, നീരദ് എന്നിവർ ഒഴികെ ഉള്ളവർ ആശുപത്രി വിട്ടു.