മത്സ്യത്തൊഴിലാളി ക്ഷേമനിധിവിഹിത വർധന പുനഃപരിശോധിക്കണം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1489512
Monday, December 23, 2024 6:46 AM IST
പൂവാർ: മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം വർധിപ്പിച്ചതു പുനഃപരിശോധിക്കണമെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. കഴിഞ്ഞ വർഷം വരെ 100 രൂപയായിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം മൂന്നിരട്ടിയായി വർധിപ്പിച്ചത് പുന: പരിശോധിക്കാൻ സർക്കാർ തയാറാകണമെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
40 വർഷത്തിനുള്ളിൽ വിവിധ സർക്കാരുകൾ 100 രൂപയാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതമാണ് ഒറ്റയടിക്ക് 300 രൂപയാക്കി ഉയർത്തിയത്. കൂടാതെ വള്ളങ്ങളുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചതും പ്രതിഷേധാർഹമാണെന്നും താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. താലൂക്ക് പ്രസിഡന്റ് വിഴിഞ്ഞം നിക്കോളാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കോഴിക്കോട് അബ്ദുൽ റസാക്ക്, താലൂക്ക് സെക്രട്ടറി അടിമലത്തുറ ഡി ക്രിസ്തുദാസ്, അഗസ്റ്റിൻ, പുതിയതുറ പി ആന്റണി, ശബരിയാർ, വി. സീറ്റ തുടങ്ങിയവർ പ്രസംഗിച്ചു.