മിലൻ: 17-മത് വാർഷികത്തിലും കണ്ടെത്താനാവതെ 14 സഹപാഠികൾ
1485827
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ പഴയ വിദ്യാർഥി കൂട്ടായ്മ 17 വർഷം പിന്നിടുന്പോൾ ഇനിയും കണ്ടെത്താനാവാതെ 14 സഹപാഠികൾ. അവരില്ലാതെ ഇത്തവണയും അവർ ഒരുമിച്ചു കൂടി. കോണ്ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ലോ കോളജിലെ 1977- 80 കാലഘട്ടത്തിലെ വിദ്യാർഥി കൂട്ടായ്മയായ "മിലനാണ്' മുടക്കമില്ലാതെ ഈ വർഷവും ഒത്തുചേർന്നത്.
വർക്കലയിലെ സ്വകാര്യ റിസോർട്ടിലാണ് മിലൻ അംഗങ്ങൾ സംഗമിച്ചത്. 77-80 ബാച്ചിലെ വിദ്യാർഥികളായിരുന്ന ഗിരിജ, ഹരീഷ്, എന്നിവരാണ് പതിനേഴു വർഷം മുന്പ് കൂട്ടായ്മ എന്ന ആശയം മുന്നോട്ട് വച്ചത്. തുടർന്ന് 2009 ൽ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കുന്പോൾ അദ്ദേഹം കൂടി മുൻകൈ എടുത്തതോടെ പൂർവവിദ്യാർഥി ഒരുമിച്ചുകൂടൽ യാഥാർഥ്യമായി. അന്നുമുതൽ എല്ലാ വർഷം ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ച എല്ലാ തിരക്കുകളും മാറ്റിവച്ച് സംഗമത്തിനെത്താറുണ്ട്.
ആദ്യം 50 പേരിൽ തുടങ്ങിയ കൂട്ടായ്മ പിന്നിട് 60 ഉം 71ഉം പേരിലേക്കെത്തി അതിൽ 15 പേരോളം മരണപ്പെട്ടു. ഇനിയും കണ്ടെത്താനാവാത്ത സഹപാഠികളിൽ 14 പേരിൽ നിന്നും ആരും തന്നെ ഇന്നലത്തെ കൂട്ടായ്മയിലും എത്തിയില്ല. മുൻ ജഡ്ജിമാർ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ തുടങ്ങി വ്യവസായികൾ വരെ മിലനിലെ അംഗങ്ങളാണ്.