കലാനിധി പുരസ്കാരദാനം നടന്നു
1485826
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: കലാനിധിയുടെ വയലാർ സ്മൃതി അവാർഡ് ദാനചടങ്ങും ദക്ഷിണാമൂർത്തി സംഗീത പുരസ്കാര ദാനച്ചടങ്ങും ഇന്നലെ തൈക്കാട് ചിത്തരഞ്ജൻ ഹാളിൽ നടന്നു. കലാനിധിയുടെ ഈ വർഷത്തെ വയലാർ സ്മൃതി കാവ്യശ്രേഷ്ഠ പുരസ് കാരം കവി പ്രഭാവർമയ്ക്കു മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു. ഗാനരചയിതാവ് തങ്കൻ തിരുവട്ടാറിനുവേണ്ടി സഹധർമിണി സുഭദ്രാ തങ്കച്ചി വയലാർ സ് മൃതി സംഗീത സപര്യ പുരസ്കാരം ഏറ്റുവാങ്ങി.
സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തിയുടെ 105-ാം ജന്മവാർഷിക ദിനമായ ഇന്നലെ കലാനിധി സംഗീത പുരസ്കാരം സംഗീതജ്ഞ ഷിനി വളപ്പിലിനു മന്ത്രി സമ്മാനിച്ചു. വിവിധ കലാനിധി വയലാർ-ദക്ഷിണാമൂർത്തി അവാർഡു വിതരണവും നടന്നു. കലാനിധി ദക്ഷിണാമൂർത്തി - വയലാർ സാംസ്കാരിക സദസിന്റെ ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കലാനിധി ചെയർപേഴ്സണ് ഗീത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംഗീതജ്ഞൻ പ്രഫ. പി.ആർ. കുമാരകേരളവർമ, മുൻ ഡിജിപി ഡോ. ബി. സന്ധ്യ, സംവിധായകൻ ബാലു കിരിയത്ത്, സാഹിത്യ നിരൂപക ഡോ. സി. ഉദയകല, പ്രഫ. രമാഭായി, കലാനിധി രക്ഷാധികാരി മുക്കംപാലമൂട് രാധാകൃഷ്ണൻ, കവി പ്രദീപ് തൃപ്പരപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.