ഭിന്നശേഷികുട്ടികളെ സമൂഹത്തോടു ചേർത്ത് നിര്‍ത്താനുള്ള നിംസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി
1485825
Tuesday, December 10, 2024 6:03 AM IST
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളെ സമൂഹത്തോട് ചേർത്തു നിര്‍ത്താൻ നിംസ് മെഡിസിറ്റി നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്നു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരളയും നിംസ് മെഡിസിറ്റിയും സംയുക്തായി സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ കേരളം - വിഷൻ 2030 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളിലെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ശാസ് ത്രീയ രീതിയിലൂടെ കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമായി നിംസ് സ്പെക്ട്രം ഡയറക്ടറും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. എം.കെ.സി. നായരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം പരാമർശിച്ചു.
നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ. സജു അധ്യക്ഷത വഹിച്ചു. വികലാംഗ ക്ഷേമ കോർപറേഷൻ അധ്യക്ഷ ജയ ഡാളി, കില മുൻ ഡയറക്ടർ ജനറൽ ജോയ് ഇളമണി, പരിവാർ കേരള ടെക്നിക്കൽ അഡ്വൈസർ മേജർ സുധാകർ പിള്ള, പുത്തനമ്പലം വാർഡ് കൗൺസിലർ പ്രസന്നകുമാർ, പരിവാർ കേരള പ്രസിഡന്റ് ടി.ടി. രാജപ്പൻ, പരിവാർ കേരള അഡ്വൈസറി ബോർഡ് മെമ്പർ എം. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിവാർ കേരള ഡയറക്ടർ പി. ഡി. ഫ്രാൻസിസ് സ്വാഗതവും പരിവാർ കേരള ജനറൽ സെക്രട്ടറി വിൻസന്റ് നന്ദിയും പറഞ്ഞു.