കോർപ്പറേഷൻ ഭരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് : കെ. മുരളീധരൻ
1485821
Tuesday, December 10, 2024 6:03 AM IST
നേമം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സിപിഎമ്മിലുള്ളവർക്കുപോലും ഭരണം വേണ്ടാത്ത ഒന്നാണെന്നും മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മേയർക്കെതിരെ സഖാക്കൾ ആണ് നഗരസഭ കവാടത്തിൽ സമരം ചെയ്യുന്നത്. ഇതിനൊക്കെ പ്രതികാരമായി നഗരത്തിലെ ജനങ്ങളെ ഓണക്കാലത്ത് പോലും കുടിവെള്ളം നൽകാതെ ബുദ്ധിമുട്ടിച്ചത് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർഡ് വിഭജനം അശാസ്ത്രീയമായ ഒന്നാണെന്നും കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് നിന്ന് പ്രവർത്തിച്ച് നഗരസഭ ഭരണം പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
താഴ്ന്ന പ്രദേശമായ കമലേശ്വരം വാർഡിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഡ്രെയിനേജ് സൗകര്യം നടപ്പാക്കാത്തത് കൗൺസിലർമാരുടെ കഴിവ് കേടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കോൺഗ്രസ് കമലേശ്വരം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ചികിത്സ സഹായ വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
വാർഡ് പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർമാരായ കമ്പറ നാരായണൻ, മണക്കാട് സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് എംഎസ് നസീർ, മണ്ഡലം പ്രസിഡന്റ് പരുത്തികുഴി മാഹീൻ, ഗാന്ധിദർശൻ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ നേതാക്കളായ ബിനു അശോകൻ കുളങ്ങര, കല്ലാട്ടുമുക്ക് മാഹീൻ, കല്ലാട്ടുമുക്ക് അഷ്റഫ്, ശ്രീജയ തുടങ്ങിയവർ പ്രസംഗിച്ചു.