പാടത്തിറങ്ങി സ്കൂൾകുട്ടികൾ
1485819
Tuesday, December 10, 2024 6:03 AM IST
നെടുമങ്ങാട് : വയൽ ഒരുക്കി ഞാറ് നടുന്നതുൾപ്പെടെയുള്ള നെൽകൃഷിയുടെ ബാലപാഠങ്ങൾ കണ്ടറിയാൻ കുളപ്പട ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ പാടത്തിറങ്ങി.
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഉഴമലയ്ക്കൽ പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ് നേടിയ കുളപ്പട മൊണ്ടിയോട് സൗമ്യ ഭവനിൽ പത്മകുമാരിയുടെ വയലിലാണ് വിദ്യാർഥികൾ സന്ദർശനം നടത്തിയത്. കൃഷിരീതികൾ കർഷകരോട് ചോദിച്ച് മനസിലാക്കിയ വിദ്യാർഥികൾ കർഷകരോടൊപ്പം ചേർന്ന് ഞാറുനടുകയും ചെയ്തു. ഉഴമലയ്ക്കൽ പഞ്ചായത്ത് മുൻ അംഗം ശശി കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു.
സ്കൂളിലെ മുൻ അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സലീം കുളപ്പട, പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്മി, അധ്യാപകരായ ആർ.ജാസ്മിൻ, ലക്ഷ്മി എൻ.നായർ, എസ്എംസി അംഗം വിഷ്ണു ശർമ്മ, മുൻ എസ്എംസി. അംഗം മധുപാറയിൽ എന്നിവർ പങ്കെടുത്തു.