മിനി ദിശ എക്സ്പോയില്‍ താരമായി റൊബോട്ട് ജഗ്സ
1485161
Saturday, December 7, 2024 6:43 AM IST
നെയ്യാറ്റിന്‍കര : വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ മനം കവര്‍ന്ന് റൊബോട്ട് ജഗ്സ. പരുത്തിപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായ ജസലാണ് റൊബോട്ടിന്റെ സൃഷ്ടികര്‍ത്താവ്.
രോഗശുശ്രൂഷാ മേഖലയില്‍ നഴ്സിംഗ് അസിസ്റ്റന്റായി ജഗ്സയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജസല്‍ അവകാശപ്പെട്ടു.
രോഗികള്‍ക്ക് കൃത്യസമയത്ത് മരുന്നുകള്‍ നല്‍കാനും ജഗ്സയെ ഉപയോഗപ്പെടുത്താം. റിമോട്ട് കണ്ട്രോള് സംവിധാനമായതിനാല്‍ റൊബോട്ടിനൊപ്പം നഴ്സ് വേണമെന്നുമില്ല.മൊബൈലില്‍ ഈ റിമോട്ട് കണ്ട്രോള് സംവിധാനം സജ്ജീകരിക്കാനാകും. കോവിഡ് കാലത്ത് തോന്നിയ ആശയത്തെ ഏറെ പരിശ്രമിച്ചാണ് സാക്ഷാത്കരിച്ചത്. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ഇന്നലെ ആരംഭിച്ച മിനി ദിശ ഹയര്‍സ്റ്റഡീസ് എക്സ്പോയില്‍ സന്ദര്‍ശകരില്‍ ജഗ്സ റൊബോട്ട് കൗതുകവും താത്പര്യവും സമ്മാനിച്ചു.
കുറ്റിച്ചല്‍ സ്വദേശിയായ ജസല്‍ ഡ്രൈവറായ നാസറുദ്ദീന്റെയും ഷീജയുടെയും മകനാണ്. മാതാപിതാക്കളും എംഎസ്സി കെമിസ്ട്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സഹോദരി സയനയും സ്കൂളിലെ അധ്യാപകരും ജസലിന്റെ റൊബോട്ടിക് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നു.
ആഴമുള്ള കിണറില്‍ ഇറങ്ങാന്‍ സഹായകമായ യന്ത്രം ഈയിടെ ജസല്‍ തയാറാക്കി. താഴെയുള്ള ഓക്സിജന്റെ തോത്, സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയെല്ലാം ഇതില്‍ തെളിയും.