ശിശുക്ഷേമസമിതിയിലെ ആയമാരുടെ ക്രൂരത: യുവമോർച്ച മാർച്ചിൽ സംഘർഷം
1485160
Saturday, December 7, 2024 6:43 AM IST
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ കിടക്കയിൽരണ്ടരവയസുകാരി മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ആയമാർ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പിഞ്ചുകുട്ടികളെ ക്രൂരമായി ഉപദ്രവിച്ചവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചാണ് പ്രവർത്തകരുംപോലീസും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. സംഗീതകോളജ് ഭാഗത്തുനിന്നുമാണ് ശിശുക്ഷേമസമിതിക്ക് മുന്നിലേക്ക് മാർച്ച് നടത്തിയത്. കെഎസ്ടിഎ ഓഫീസിന് മുന്നിലൂടെയാണ് മാർച്ച് എത്തിയത് .
ഈ ഭാഗത്തെ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ പലരും ബാരിക്കേഡിന് മുകളിലൂടെ കയറി അപ്പുറത്തേക്ക് ചാടി. അൽപ്പസമയത്തിനുള്ളിൽ എല്ലാവരും ബാരിക്കേഡ് കടന്നു.
പ്രവർത്തകർ ശിശുക്ഷേമ സമിതിയിലേക്ക് കടക്കാതിരിക്കാനുള്ള പോലീസിന്റെ ശ്രമം ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിലേക്ക് മാറി.
മാർച്ചിനെ നേരിടാനെത്തിച്ച പോലീസിന്റെ ജലപീരങ്കി വരുണ്‍ പ്രവർത്തിക്കാതെ വന്നതോടെ പോലീസിന് പണി ഇരട്ടിയായി. ഇതോടെയാണ് പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസിനു ബലപ്രയോഗം വേണ്ടിവന്നത്.