ഫുട്ബോളില്‍ റിക്കാര്‍ഡ് നേടാനുള്ള ശ്രമത്തില്‍ ആദിദേവ്
1484927
Friday, December 6, 2024 6:54 AM IST
നെയ്യാറ്റിന്‍കര: ആദിദേവിന് ഒന്നര വയസുമുതല്‍ തുടങ്ങിയതാണ് ഫുട്ബോളിനോടു കന്പം. കളിക്കാനായി വാങ്ങിയ ഫുട്ബോളുമായിട്ടായിരുന്നു ഏതു നേരവും ഈ കുരുന്നിന്റെ സഞ്ചാരം. ഇപ്പോള്‍ മൂന്നു വയസായി ആദിദേവിന്. ഏറ്റവും കൂടുതല്‍ നേരം ഫുട് ബോള്‍ തട്ടുന്നതില്‍ റെക്കോര്‍ഡ് നേടാനുള്ള ശ്രമത്തിലാണ് ഈ കുഞ്ഞുതാരം.
ധനുവച്ചപുരം സ്വദേശി രാഹുലിന്റെയും അബിതയുടെയും മകനാണ് ആദിദേവ്. ഫുട്ബോളുമായുള്ള ആദിദേവിന്റെ അടുപ്പം ആദ്യം ശ്രദ്ധിച്ചത് അപ്പൂപ്പനായ അശോകനാണ്. അദ്ദേഹം തന്നെയാണു പേരക്കിടാവിനെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നതും. സമീപവാസിയും മാരത്തോണ്‍ കായികതാരവുമായ എസ്. ബാഹുലേയന് ആദിദേവിന്റെ ഈ മികവ് അറിഞ്ഞ് ഈയിടെ ഒരു ഫുട്ബോള്‍ സമ്മാന മായി നൽകുകയും ചെയ്തു.
നാട്ടുകാര്‍ക്കെല്ലാം ആദിദേവിന്റെ ഫുട്ബോള്‍ താത്പര്യം കൗതുകത്തിനപ്പുറം ആഹ്ലാദവും നല്കുന്നു. ആദിദേവിന്റെ ഉജ്വലമായ പ്രകടനത്തെക്കുറിച്ച് അറിഞ്ഞ ഇന്‍ഡ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് അധികൃതര്‍ നേരില്‍ വിലയിരുത്താനുള്ള നടപടികള്‍ ഉടന്‍ സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് നാടൊന്നാകെയും. കഴിഞ്ഞ ദിവസം ധനുവച്ചപുരം ഗ്രാമശബ്ദം കൂട്ടായ്മ ആദിദേവിന് സ്നേഹോപഹാരം നല്കി ആദരിച്ചു.