കഞ്ചാവ് ഉപയോഗം എതിർത്ത യുവാവിനെ ആക്രമിക്കാൻ ശ്രമം : ബോംബും ആയുധങ്ങളുമായി നാലംഗസംഘം പിടിയിൽ
1484926
Friday, December 6, 2024 6:54 AM IST
വിഴിഞ്ഞം: കഞ്ചാവ് ഉപയോഗ സംഘത്തെ എതിർത്ത യുവാവിനെ ആക്രമിക്കാൻ നാടൻ ബോംബും ആയുധവുമായി എത്തിയ സംഘത്തിലെ നാലു പേർ വിഴിഞ്ഞം പോലീസിന്റെ പിടിയിലായി.
വിഴിഞ്ഞം മുല്ലൂർ തോട്ടം അറപ്പുര പുത്തൻവീട്ടിൽ അനീഷ് (25), വിഴിഞ്ഞം നെട്ടത്താന്നി പ്രിയദർശിനി നാഗർ ആർ.വി. നിവാസിൽ ശരത് (19), വെങ്ങാനൂർ കോളിയൂർ കൈലിപ്പാറ വീട്ടിൽ അജിത് (23), വെങ്ങാനൂർ കല്ലുവെട്ടാൻ കുഴി എസ്എഫ്എസ് സ്കൂളിന് സമീപം അശ്വതി ഭവനിൽ ധനുഷ് (20) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ തുറമുഖ നിർമാണ മേഖലയ്ക്കു സമീപം കരിക്കാത്തി ബീച്ചിലായിരുന്നു അക്രമികൾ തമ്പടിച്ചത്.
പ്രദേശം കഞ്ചാവു സംഘങ്ങളുടെ കേന്ദ്ര മാണെന്നു നേരത്തെ പരാതിയുണ്ടായിരുന്നു. പുറത്തു നിന്നുള്ളവരും പ്രദേശവസികളിൽ ചിലരുമായി ഇടവിട്ട് തർക്കമുണ്ടാവു പതിവായിരുന്നു. കഴിഞ്ഞദിവസം സംഘത്തെ പറഞ്ഞു വിലക്കാൻപോയ തോട്ടം സ്വദേശിയായ അഭിരാജ് എന്ന യുവാവുമായും സംഘം തർക്കമുണ്ടായതായും പോലീസ് പറയുന്നു. ഇതിന്റെ പ്രതികാരം തീർക്കാൻ തീരുമാനിച്ച യുവാക്കൾ നാടൻ ബോംബുമായി രാത്രിയിൽ കരിക്കാത്തി ബീച്ചിൽ തമ്പടിച്ചു.
സംശയം തോന്നിയവർ വിഴിഞ്ഞം തുറമുഖ സെക്യൂരിറ്റി പോലീസിൽ വിവരമറിയിച്ചു. പോലീസിനെക്കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൈയിൽ കരുതിയിരുന്ന നാടൻ ബോംബും കത്തിയും 30 ഗ്രാം കഞ്ചാവും ഉപേക്ഷിച്ചു കടന്ന നാലിൽ മൂന്നുപേരെ പോലീസ് രാത്രിയിൽ തന്നെ ഓടിച്ച് പിടികൂടി .
ധനുഷിനെ കോവളത്ത് നിന്ന് ഇന്നലെ രാവിലെ പിടികൂടുകയായിരുന്നു. ബോംബ് സ് ക്വാഡ് എത്തി നിർവീര്യമാക്കി. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.