അധികൃതർ മുല്ലൂർ ഡിവിഷനെ വെട്ടി; വിഴിഞ്ഞം തുറമുഖം കോട്ടപ്പുറത്ത്..!
1484920
Friday, December 6, 2024 6:45 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കവാടം മുല്ലൂർ എന്ന പേരിനെ നഗരസഭാ അധികൃതർ വെട്ടിയെന്ന് ആ ക്ഷേപം. മുല്ലൂർ ഉൾപ്പെടുന്ന ഭാഗവും തുറമുഖവും നിലവിലുള്ള കോട്ടപ്പുറം ഡിവിഷന്റെ ഭാഗമാക്കി.യാതൊരുമുന്നൊരുക്കവുമില്ലാതെ വാർഡുകളെ കീറിമുറിച്ചെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പേരിനെന്ന പോലെ വിഴിഞ്ഞത്തെത്തിയതുമില്ല.
തുറമുഖമേഖലയിലെ മുല്ലൂർ എന്നൊരു ഡിവിഷനെ ഇല്ലതാക്കിയതിനു പുറമേ കീറി മുറിച്ച് മറ്റ് ഡിവിഷനുകളിൽ ചേർത്ത് നാമാവശേഷമാക്കി.
അധികാര വികേന്ദ്രികരണത്തിന്റെ ഭാഗമായി ജനങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതായി അവകാശപ്പെടുന്ന അധികൃതരാണ് ജനപ്പെരുപ്പമുള്ള തീരദേശത്ത് ഉണ്ടായിരുന്ന ഡിവിഷനും ഇല്ലാതാക്കിയത്.
തിരുവനന്തപുരം നഗരസഭയുടെ ലക്ഷ്യം തെറ്റിയുള്ള വാർഡു വിഭജനത്തിന്റെ കാര്യമറിയാതെയാണ് നിലവിൽ പൊതുജനം മുന്നോട്ടുപോകുന്നത്. മുല്ലൂർ എന്നെരു ഡിവിഷൻ രൂപീകരണമായതുമുതൽ തുടരുന്ന കോൺഗ്രസ് ആധിപത്യം ഇല്ലാതാക്കാൻ നടത്തിയ ശ്രമമാണു വിഭജന ത്തിനു പിന്നിലെന്നു കോൺഗ്രസ് ആരോപിക്കുന്നു.
എന്നാൽ വിഭജനം തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയത്തെക്കാൾ വർഗീയ ചേരിതിരിവിനു കാരണമാകുമെന്ന ആശങ്കയും നാട്ടുകാരിലുണ്ട്. 2010 വരെ വിഴിഞ്ഞം പഞ്ചായത്തിന്റെ കീഴിലായിരുന്നു തീരദേശം. തിരുവനന്തപുരം നഗരസഭയുടെ കീഴിൽ വന്നാൽ മേഖലക്ക് വികസനമുണ്ടാകുമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയ അധികൃതർ പഞ്ചായത്തിലെ നാല് വാർഡുകൾ വീതം കൂട്ടിച്ചേർത്ത് വിഴിഞ്ഞം, മുല്ലൂർ, കോട്ടപ്പുറം, ഹാർബർ, വെങ്ങാനൂർ എന്നീ അഞ്ചു ഡിവിഷനുകളായി മാറ്റി. പഞ്ചായത്ത് ഓഫീസിനെ നഗരസഭാ സോണൽ ഓഫീസാക്കി മാറ്റുകയും ചെയ്തു.
നീണ്ട കാത്തിരിപ്പിനു ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നെങ്കിലും ജനത്തിന്റെ ജീവിതസഹാചര്യത്തിനു കാര്യമായ മാറ്റമുണ്ടായില്ല. നഗരസഭക്കാരെന്ന പേരിൽ, തൊട്ടടുത്ത പഞ്ചായത്ത് നിവാസികളെക്കാൾ തീരദേശത്തുകാരുടെ മേൽ ഭൂമിക്കും വീടിനുംമറ്റുമുള്ള അമിത നികുതിഭാരം അടിച്ചേൽപ്പിക്ക പ്പെടുകയുംചെയ്തു. ഭൂമിയുടെ മതിപ്പ് വിലയിലുണ്ടായ വർധനയും ജനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
സർക്കാർ കടലിൽ നിർമിച്ച തുറമുഖ മൊഴിച്ചാൽ നഗരസഭയുടെതെന്ന പേരിൽ മേഖലയ്ക്ക് കാര്യമായ ഒരു വികസനവുമുണ്ടായില്ല. നാല് അംഗങ്ങൾ ഉണ്ടായിരുന്ന വാർഡുകളെ ഒന്നാക്കി ഒരു ജനപ്രതിനിധിയുടെ കിഴിലാക്കിയതോടെ യുണ്ടായ ബുദ്ധിമുട്ടുകൾ പോലും പരിഗണിക്കാതെയാണു നിലവിലെ അതിർത്തിവെട്ടിമുറിക്കൽ നടത്തിയത്.
അഞ്ചിനുപകരം ഡിവിഷനുകളെ നാലാക്കിച്ചുരുക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെട്ടിരുന്നത് മുല്ലൂർ, കോട്ടപ്പുറം എന്നീ ഡിവിഷനുകളിലായിരുന്നു. പ്രധാനകവാടം മുല്ലൂർ വാർഡിലെ മുല്ലൂർ എന്ന സ്ഥലത്തും. നിലവിൽ മത്സ്യത്തൊഴിലാളികൾക്ക് ഏറെ മുൻ തൂക്കമുണ്ടായിരുന്ന കോട്ടപ്പുറം വാർഡിന്റെ ഒരു ഭാഗം കീറി മുറിച്ച് മുല്ലൂർ ഡിവിഷനിലേക്ക് മാറ്റി. മുല്ലൂരിന്റെ ഉച്ചക്കടമേഖലയെ വെങ്ങാനൂർ ഡിവിഷനിലേക്കും കൂട്ടിച്ചേർത്തു മുല്ലൂർ എന്ന ഡിവിഷനെ ഇല്ലാതാക്കി.
ഉണ്ടായിരുന്നതിനെക്കാൾ മറ്റ് ഡിവിഷനുകളുടെ വിസ്തീർണം വർധിച്ചതും പൊതുജനത്തിന് ഇരുട്ടടിയായി. ഇതിനെതിരെ പരാതിയുമായി രാഷ്ട്രീയ പാർട്ടികളും റസിഡൻസ് അസോസിയേഷനുകളും രംഗത്തിറങ്ങി. ഇന്നലെ അവസാനിച്ച പരാതി സ്വീകരിക്കലിൽ നൽകിയ നിവേദനങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജനം.