എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ: ഒരാൾ കൊലപാതകശ്രമക്കേസിലും പ്രതി
1484919
Friday, December 6, 2024 6:44 AM IST
കാട്ടാക്കട: രാസലഹരിയായ എം ഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. പ്രതികളിൽ ഒരാൾ രണ്ടു കൊലപാതകശ്രമം നടത്തിയ കേസിലെ പ്രതി. കാട്ടാക്കട കിള്ളി കൊല്ലോട് കുമിളി തലക്കൽ പുത്തൻ വീട്ടിൽ നസീം (25), ഇയാളുടെ ഭാര്യ ഇലിപ്പോട് ബാലകൃഷ്ണ റോഡിൽ ബൈത്തിനൂർ വീട്ടിൽ ഹസ്ന ഷെറിൻ (23),
നസീമിന്റെ സുഹൃത്തുക്കളായ കിള്ളി കൊല്ലോട് പാറ വിളാകത്തു പുത്തൻ വീട്ടിൽ റഫീഖ് (26), കാട്ടാക്കട കൊറ്റംപള്ളി അമ്പലത്തിൻകാല പഞ്ചമി ഹൗസിൽ സന്ദീപ് (26), എന്നിവരെയാണ് 27 ഗ്രാം എൻഡിഎംഎ യുമായി മലയിൻകീഴ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ മലയിൻകീഴ്, അണപ്പാട്, പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള മിനി മന്ദിരത്തിൽ കഴിഞ്ഞ അഞ്ചു മാസത്തോളമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. എംഡിഎംഎ വാണിജ്യാടിസ്ഥാനത്തിലാണു സൂക്ഷിച്ചിരുന്നത്.ഇതു പാക്ക് ചെയ്യാനുള്ള പോളിത്തീൻ കവറുകൾ, ഗ്ലാസിലുള്ള പൈപ്പുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോലിസ് വീടുവളഞ്ഞാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പ്രതികളെ പിടികൂടിയത്.
റൂറൽ എസ്പി കിരൺ നാരായണിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവർ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.പിടികൂടുന്ന സമയം വീടിനുള്ളിൽ നാലു പ്രതികളും ഉണ്ടായിരുന്നു. കൂടാതെ നസീമിന്റെയും ഹസ്നേയുടെയും ഇളയ കുട്ടിയും ഉണ്ടായിരുന്നു.
സംഭവം അറിഞ്ഞു ബന്ധുക്കൾ എത്തിയതോടെ കുഞ്ഞിനെ ബന്ധുക്കൾക്ക് പോലിസ് കൈമാറി.എക്സൈസ് സംഘവും പോലിസിന്റെ ആവശ്യത്തെ തുടർന്ന് സ്ഥലത്തെത്തി തുടർ നടപടികൾ പങ്കാളികളായി. റൂറൽ നർക്കോട്ടിക്ക് ഡിവൈഎസ്പി കെ. പ്രദീപ് സ്ഥലത്തെത്തി.
നസീം വിളപ്പിൽശാല പോലിസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസുകളിലെയും സന്ദീപ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ രണ്ടു 307 കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.