ഭക്തിനൈവേദ്യമായി തുളസീവനം സംഗീതോത്സവം
1484918
Friday, December 6, 2024 6:44 AM IST
തിരുവനന്തപുരം: പാർവണ ചന്ദ്രമുഖി പരമേശ്വരി, പാർവതി ശങ്കരി രാജരാജേശ്വരി....
ശ്രീപാർവതിയെക്കുറിച്ചുള്ള ഈ കീർത്തനം ഇക്കഴിഞ്ഞ ആഴ്ച തുളസീവനം രചിച്ചതാണ്. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ എന്ന തുളസീവനത്തിന്റെ ഭക്തഹൃദയത്തിൽനിന്നും ഒഴുകിയ കീർത്തനം ഡോ. ശ്രീദേവ് രാജഗോപാലന്റെ നാദധാരയിൽ അലിഞ്ഞപ്പോൾ വൃശ്ചിക സന്ധ്യയ്ക്കു പുണ്യം.
45-ാമത് തുളസീവനം സംഗീതോത്സവത്തിന്റെ ആറാം സന്ധ്യയിലാണ് അനുഗൃഹീത സംഗീതജ്ഞൻ ഡോ. ശ്രീദേവ് രാജഗോപാലിന്റെ കർണാടക സംഗീതകച്ചേരി നിറഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഗണപതിയ്ക്കു മുന്നിലെ അർച്ചനയായി തുളസീവനം സമർപ്പിച്ച പ്രണതോസ്മി ദേവം വിനായകം...! എന്ന ഗണപതി സ്തുതിയോടെയാണ് ഡോ. ശ്രീദേവ് കച്ചേരി ആരംഭിച്ചത്.
ശ്രവണം, കീർത്തനം, സ്മരണം തുടങ്ങിയ ഒന്പത് രീതിയിലെ ഭക്തിയെ ആധാരമാക്കി ഗുരുവായൂരപ്പനെക്കുറിച്ച് തുളസീവനം രചിച്ച നവവിധ ഭക്തി എന്ന കീർത്തന സമാഹാരത്തിലെ ഒന്പത് കൃതികൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ ഗണപതി സ്തുതി.
നവവിധ ഭക്തി എന്ന അപൂർവ ഭക്തികൃതി സമാഹാരത്തിലെ തന്നെ നാരായണം അർച്ചയാമ്യഹം.. എന്ന കീർത്തനം ശാന്തമായൊഴുകുന്ന രാഗനദിയായി. ശഹാന രാഗത്തിലായിരുന്നു ഗുരുവായൂരപ്പനോടുള്ള അർപ്പണ ഭക്തിയുടെ സാന്ദ്രലയങ്ങളിൽ ആസ്വാദകരെ ആറാടിച്ച കൃതി.
ത്യാഗരാജ സ്വാമികളുടെ ദിനമണിവംശ... എന്ന ഹരികാംബോജി രാഗത്തിലെ കൃതിയും രാഗാനുഭൂതിയായി. തുളസീവനത്തിന്റെ വാരയമമദുരിതം ജഗദാംബികേ.... എന്ന സാവേരി രാഗത്തിലെ കൃതിയാണ് മുഖ്യകൃതിയായി അവതരിപ്പിച്ചത്.
ഡോ. ശ്രീദേവ് രാജഗോപാലൻ രാഗസൗന്ദര്യത്തിന്റെ മാന്ത്രികതയ്ക്കു സാക്ഷിയാകുവാൻ ആർ. രാമചന്ദ്രൻ നായർ സദസ്സിനു മുന്നിൽ ഉണ്ടായിരുന്നു. ആറ്റുകാൽ ബാലസുബ്രഹ്മണ്യം വയലിനിലും തിരുവനന്തപുരം രവീന്ദ്രൻ മൃദംഗത്തിലും ആലുവ രാജേഷ് ഘടത്തിലും തീർത്ത താളവും സവിശേഷമായി.