നാട്യവേദ കോളജ് ഓഫ് പെർഫോമിംഗ് ആർട്സ് 24-ാമത് വാർഷികാഘോഷം
1484917
Friday, December 6, 2024 6:44 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ണറക്കോണം നാട്യവേദ കോളജ് ഓഫ് പെർഫോമിംഗ് ആർട്സിന്റെ 24-ാം വാർഷികാഘോഷം ഇന്നു വൈകുന്നേരം 5.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. നാട്യവേദ 25-ാം വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് വിളംബരം ചെയ്തുകൊണ്ടാണ് ഒരു വർഷം നീളുന്ന പരിപാടിക്ക് ഇന്നു തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
24-ാം വാർഷികാഘോഷത്തിൽ പൂനെയിൽ നിന്നുള്ള എസ്എൻബിപി സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നാട്യവേദ കോളജ് ഓഫ് പെർഫോമിംഗ് ആർട്സിലെ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിക്കുന്ന നൃത്ത, സംഗീത പരിപാടികളുമുണ്ടാകും.
എസ് എൻബിപി ഗ്രൂപ്പ് പ്രസിഡന്റ് ഡോ. വൃശാലി ബോസ്ലെ മുഖ്യാതിഥിയും, ഡയറക്ടർ അഡ്വ. ഡോ. റിതുജ ബോസ്ലെ വിശിഷ്ടാതിഥിയുമാകും. കലാമണ്ഡലം വിമലാ മനോജ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. വൃശാലി ബോസ്ലെ, ഡോ. റിതുജ ബോസ്ലെ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.