ബൈക്ക് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം : കൗണ്‍സിലര്‍ക്കും ബന്ധുക്കള്‍ക്കും മര്‍ദനമേറ്റെന്നു പരാതി; പ്രതി റിമാന്‍ഡിൽ
1484913
Friday, December 6, 2024 6:44 AM IST
പൂന്തുറ: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ട് പ്രകോപിതനായ യുവാവിന്റെ ആക്രമണത്തില്‍ കോര്‍പറേഷന്റെ കമലേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ക്കും സഹോ ദരനും സഹോദരന്റെ മകനും പരിക്കേറ്റതായി പരാതി.
മുട്ടത്തറ വില്ലേജില്‍ കമലേശ്വരം വാര്‍ഡില്‍ ടി.സി -68 / 224 പൂരം വീട്ടില്‍ വിലാസിനിയുടെ മകള്‍ വിജയകുമാരി (61) ആണ് പൂന്തുറ പോലീസില്‍ പരാതി നല്‍കിയത്. വിജയകുമാരി, സഹോദരന് വിജയകുമാര്‍, സഹോദര പുത്രന് അനൂപ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റതായി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടു മുട്ടത്തറ സ്വദേശിയായ അമീനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വിജയകുമാരിയുടെ തള്ളവിരലിനു പൊട്ടലേറ്റതായും പറയുന്നു. മൂന്നുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കേസിനിടയാക്കിയ സംഭവം നടന്നത്. വിജയകുമാരിയുടെ മകനെ കാണാനെത്തിയ സുഹൃത്ത് ഇവരുടെ വീടിനുമുന്നിലെ റോഡിനു വശത്താണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഈ സമയം അമീന് ഇതുവഴി കാറിലെത്തുകയായിരുന്നു. കാറിനു പോകാന്‍ ബൈക്ക് തടസമായതിനാല്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വിജയകുമാരി അമീനോട് ബൈക്ക് മാറ്റാമോയെന്നു ചോദിച്ചതോടെ പ്രകോപിതനായ ഇയാള്‍ കാറില്‍ നിന്നിറങ്ങി ബൈക്ക് തള്ളി മറിച്ചിടുകയായിരുന്നു.
തുടരന്നു വിജയകുമാരിയോട് തട്ടിക്കയറുകയും ചെയ്തു. ബഹളം കേട്ടെത്തിയ സഹോദരന് വിജയകുമാറിനെ ഇയാള്‍ തള്ളി നിലത്തിട്ടതായും പറയുന്നു. ഇതു ചോദ്യം ചെയ്തതോടെ വിജയകുമാരിയുടെ പെരുവിരല്‍ പിടിച്ചു തിരിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടര്‍ന്നു വിജയകുമാറിന്റെ മകന് അനൂപിനെയും മര്‍ദിച്ചു.
ഈ സമയം നാട്ടുകാര്‍ വിവരം പൂന്തുറ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.