യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരന് മർദനം : പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളി തുടരുന്നു
1484912
Friday, December 6, 2024 6:44 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതികളായ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാതെ പോലീസിന്റെ ഒത്തുകളി. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ കൊണ്ടുപോയി എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ തന്നെ ക്രൂരമായി മർദിച്ചെന്നുകാട്ടി ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസ് നൽകിയ പരാതിയിലാണ് പോലീസ് നിഷ്ക്രിയത്വം തുടരുന്നത്.
പോലീസിന്റെ അനങ്ങാപ്പാറ നയത്തിനെതിരേ ഇടതു വിദ്യാർഥി സംഘടനായ എഐഎസ് എഫ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. കാലിനു സ്വാധീനക്കുറവുള്ള രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥി പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെയാണ് (19) നാല് എസ്എഫ്ഐ നേതാക്കൾ കാന്പസിലെ ഇടിമുറിയിലെത്തിച്ച് മർദിച്ചത്. കോളജിലെ എസ്എഫ് ഐ യൂണിറ്റി ഭാരവാഹികളായ അമൽചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവർക്കെതിരെയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്.
എന്നാൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ 92 (എ), 92(ബി) വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, റാഗിംഗ് നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുമില്ല. രാഷ്ട്രീയ ഇടപെടലും പ്രതികളിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവായതിനാലുമാണ് അറസ്റ്റ് വൈകുന്നതെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ, യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ് എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. പത്തോളം വരുന്ന എസ്എഫ് ഐക്കാർ വളഞ്ഞു നിൽക്കുന്പോൾ യൂണിറ്റ് ഭാരവാഹി തല്ലിത്തീർക്കാമെന്നു പറഞ്ഞു വിദ്യാർഥികളെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
എസ്എഫ്ഐ നേതാക്കൾ മർദിച്ച അനസ് നാട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. കോളജിലെ എസ് എഫ്ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തതാണ് മർദനത്തിന് കാരണമെന്നും അനസ് പറയുന്നു. തിങ്കളാഴ്്ച മൂന്നരയോടെ യൂണിയൻ റൂമിലേക്കു കൊണ്ടു പോയി മർദിക്കുകയായിരുന്നു. സ്വാധീനക്കുറവുള്ള കാൽ വെട്ടിയെടുക്കുമെന്നും ഭീഷണി മുഴക്കി. ആ കാൽ ചവിട്ടിഞെരിച്ചു.
ഇറങ്ങി ഓടാൻ ശ്രമിക്കവെ ഇരുന്പ് കന്പികൊണ്ട് തലയ്ക്കടിച്ചതായും അനസ് മൊഴിനൽകിയിട്ടുണ്ട്. കോളജിലേക്കു ചെല്ലാനുള്ള ഭയംമൂലം പ്രിൻസിപ്പലിനു പരാതി ഇ-മെയിലായി നൽകിയെങ്കിലും ആർക്കെതിരേയും നടപടിയെടുത്തിട്ടില്ല. കോളജിലെ എസ്എഫ്ഐ ഡിപ്പാർട്മെന്റ് കമ്മിറ്റിയംഗം കൂടിയാണ് അനസ്.
സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ യുവജനസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇടത് സംഘടനയായ എഐഎസ്എഫ് അടക്കം വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ഇന്ന് യൂണിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തും.
കെഎസ്യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 ന് യൂണിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തുമെന്നു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അറിയിച്ചു. ഭിന്നശേഷിക്കാരനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇടത് വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ജില്ല സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണം ഗൗരവമേറിയതാണ്. സംഭവം നടന്ന ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാത്മകമാണ്.
കലാലയങ്ങളെ അക്രമവത് ക്കരിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ എഐഎസ്എഫ് ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നും നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.