ലക്ഷങ്ങൾ തട്ടിയ ടൂര്‍ ഓപ്പറേറ്റര്‍ പിടിയില്‍
1484633
Thursday, December 5, 2024 7:13 AM IST
പേരൂര്‍ക്കട: വിവിധ സ്ഥലങ്ങളില്‍ ടൂര്‍ പ്ലാന്‍ ചെയ്ത് പലരില്‍നിന്നായി പണം തട്ടിയ കേസില്‍ ടൂര്‍ ഓപ്പറേറ്റര്‍ പിടിയില്‍. ശാസ്തമംഗലം കെടിഇ ടൂര്‍സ് ആന്‍് ട്രാവല്‍സ് ഉടമ ചാള്‍സ് വര്‍ഗീസ് (51) ആണ് പിടിയിലായത്.
45-ഓളം ആളുകളില്‍നിന്നായി 28 ലക്ഷത്തില്‍പ്പരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
മലേഷ്യ, ഡല്‍ഹി, ആഗ്ര, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ടൂര്‍ പ്ലാന്‍ ചെയ്ത ശേഷം പലരിൽ നിന്നുംമായി പണംകൈക്കലാക്കി കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.
തിരുവനന്തപുരം സ്വദേശിയായ ഒരാളെ ഇപ്രകാരം സിംഗപ്പൂര്‍ വരെ എത്തിച്ചശേഷം പ്രതി മുങ്ങുകയായിരുന്നു. സിംഗപ്പൂരിലെത്തിയ ആള്‍ക്ക് ടൂര്‍ പ്ലാനോ താമസസൗകര്യമോ വാഹനസൗകര്യമോ ഒന്നുംതന്നെ ഇയാള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
അടുത്തിടെ 33 അംഗങ്ങള്‍ അടങ്ങുന്ന സംഘത്തിന് വിദേശത്ത് ടൂര്‍ സംഘടിപ്പിച്ച് തരാമെന്നേറ്റ് പണം വാങ്ങിയശേഷം ചാള്‍സ് വര്‍ഗീസ് മുങ്ങി. ഇവര്‍ നല്കിയ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ കരമന ഭാഗത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പ്രതി തട്ടിപ്പുനടത്തിയിട്ടുണ്ടെന്നാണ് വിവരം.
കന്റോണ്‍മെന്റ് എസി സ്റ്റുവര്‍ട്ട് കീലറുടെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, അശോക ചന്ദ്രന്, ഷിജു, ഷെഫിന്, സിപിഒമാരായ ബിജു, അനീഷ്, ശരത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.