കർഷകനായ പിതാവിന് സഹായവുമായി മകന്റെ പണിയെടുക്കുന്ന റോബോട്ട്
1484632
Thursday, December 5, 2024 7:13 AM IST
ആർ. സി. ദീപു
നെടുമങ്ങാട് : കാർഷിക വൃത്തിയിലൂടെ കഷ്ടപ്പെട്ട് കുടുംബം പുലർത്തുന്ന പിതാവിനെ സഹായിക്കാൻ മകൻ നിർമിച്ചത് സഞ്ചരിക്കുന്ന ഓട്ടോമാറ്റിക് റോബോട്ട്. അരുവിക്കര കളത്തറ എസ്. എൽ. ഭവനിൽ ചന്ദ്രകുമാറിന്റെയും റീജയുടെയും മകൻ പ്ലസ് വൺ വിദ്യാർഥിയായ സിജോ ചന്ദ്രനാണ് മൾട്ടി ഫാം ബോട്ട് മാതൃകയിൽ യന്ത്രമൊരുക്കി ശ്രദ്ധേയനായത്.
കുഞ്ഞു നാൾ മുതൽ സിജോ ചന്ദ്രൻ അവധി ദിവസങ്ങളിൽ പിതാവിന് സഹായമായി എത്തും. അനുജൻ എട്ടാം ക്ലാസ് വിദ്യാർഥി ലിജോ ചന്ദ്രൻ കൂടെകൂടും. വാഴ, പച്ചക്കറി കൃഷികളാണ് ചെയ്ത് വരുന്നത്. ചെറുകുഴികൾ കുത്തിയും പച്ചക്കറി തൈകൾനട്ടും സഹായിക്കും.
അങ്ങനെയാണ് ജോലി ഭാരം കുറക്കുന്നതിനായി എന്തെങ്കിലും ഓട്ടോമാറ്റിക് യന്ത്രം തയാറാക്കാനുള്ള ആശയം മനസിൽ തെളിഞ്ഞത്. കൃഷി ഇറക്കാൻ തൊഴിലാളികളെ കിട്ടാതെ വലയുന്നവർക്ക് പരിഹാരമായി മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഇലക്ട്രിക് മെഷീൻ ഉണ്ടാക്കുന്നതിക്കുറിച്ച് ആലോചിച്ചു. തുടർന്ന് യൂ ടൂബിൽ ആർഡിനോ കോഡിംഗ് പഠിച്ച് അതിന്റെ ട്യൂട്ടോറിയൽ മനസിലാക്കി. കാര്യങ്ങൾ പിതാവിനോട് പറഞ്ഞ് ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിച്ചു.
ആദ്യം ചെറിയ മോഡൽ ഉണ്ടാക്കി. പീന്നീട് വലിയ കംപോണന്റുകൾ വാങ്ങി. ആർഡിനോ യുഎൻഒ ബോർഡ് സ്ഥാപിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ആർഡിനോ മെഗാ വാങ്ങിയതോടെ ശ്രമം വിജയിച്ചു. കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് സ്വയം കുഴിയെടുത്ത് വിത്ത് മൂടും, വിത്ത് നട്ട സ്ഥലങ്ങളിൽ വെള്ളം നനച്ച് കൊടുക്കും. വഴിയിൽ തടസമുണ്ടായാൽ സ്വയം തിരിച്ചറിഞ്ഞ് അത് ഒഴിവാക്കുകയും ചെയ്യും. ഇതായിരുന്നു സിജോ നിർമിച്ച ഓട്ടോമാറ്റിക് റോബോട്ട്.
ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന റോബോട്ടിനെ മൊബൈലിലൂടെ മാനുവൽ ആയും നിയന്ത്രിക്കാം. ഓട്ടോമാറ്റിക് ഹൺഡ്രണ്ട് എന്ന് പറഞ്ഞാൽ 100 കുഴി എടുക്കും. ഒരു കുഴി മതി എങ്കിൽ പറഞ്ഞാൽ അത് പോലേ കേൾക്കും. അങ്ങനെ തന്റെ ആഗ്രഹമായിരുന്ന മൾട്ടി ഫാം ബോട്ട് എന്ന സ്വപ്നം യാഥാർഥ്യമാക്കി. തുടർന്ന് താൻ പഠിക്കുന്ന അരുവിക്കര ജിഎച്ച്എസ് സ്ക്കൂളിൽ അവതരിപ്പിച്ചു.
പ്രിൻസിപ്പലും അധ്യാപകരായ നിസാർ, ദൃശ്യ, ഹസീന എന്നിവർ പിന്തുണയോടെ ആണ് ഹയർ സെക്കൻഡറിതല സബ് ജില്ലാ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ അവതരണത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
പ്രേക്ഷക പിന്തുണ കൂടിയതോടെ വിവിധ കോളജുകളിൽ യന്ത്രം പ്രദർശിപ്പിക്കുവാൻ അധികൃതർ ആവശ്യപ്പെട്ടു. പ്രൊവിഡൻസ് കോളജിലും ശ്രീബുദ്ധ കോളജിലും ശാസ്ത്രമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി. ഇത്തരത്തിലുള്ള വലിയ പ്രോജക്ട് ചെയ്യാൻ തയാറാണെന്നും വിവിധ കോളജുകളിൽ നിന്നും ഓഫർ ലഭിച്ചുവെന്നും സിജോ ചന്ദ്രൻ പറഞ്ഞു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ സിജോ ചന്ദ്രനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്