വിജയകൃഷ്ണന്റെ എഴുത്തിന്റെ 60 വർഷങ്ങൾ ആഘോഷം ഏഴിന്
1484627
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: ചലച്ചിത്ര നിരൂപകനും സംവിധായകനും എഴുത്തുകാരനുമായ വിജയകൃഷ്ണന്റെ എഴുത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷമാകുന്നു. സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വെള്ളയന്പലം വിസ്മയ മാക്സിൽ ഏഴിനു വൈകുന്നേരം മൂന്നുമുതൽ ഏഴുവരെയാണ് ആഘോഷച്ചടങ്ങ്.
പന്ത്രണ്ടാമത്തെ വയസിൽ ചിലന്പൊലി എന്ന കുട്ടികളുടെ മാസികയിൽ ചെറുകഥയെഴുതിക്കൊണ്ടാണ് വിജയകൃഷ്ണന്റെ സർഗലോകത്തേക്കുള്ള പ്രവേശം. വൈകുന്നേരം മൂന്നിനു വിജയകൃഷ്ണന്റെ സിനിമ, സാഹിത്യം, സൗഹൃദം എന്നിവയെക്കുറിച്ചുള്ള ചർച്ച സൂര്യകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. എ. ചന്ദ്രശേഖർ ആമുഖ അവതരണം നടത്തും.
തുടർന്നു നടക്കുന്ന നിരൂപണകാലം എന്ന ചർച്ചയിൽ ഡോ. വി. രാജാകൃഷ്ണൻ, എം.എഫ്. തോമസ്, മധു ഇറവങ്കര, മീരാസാഹിബ്, ബിജു ബാനർ എന്നിവർ പങ്കെടുക്കും. ദൃശ്യസഞ്ചാരം എന്ന വിഷയത്തിൽ ആർ. ശരത്, ബൈജു ചന്ദ്രൻ, അനിൽദേവ് എന്നിവർ പങ്കുചേരും.
വിജയകൃഷ്ണന്റെ എഴുത്തി ന്റെ വഴികളെക്കുറിച്ച് എം. രാജീവ് കുമാർ, വിനു ഏബ്രഹാം, ദുർഗ മനോജ് എന്നിവർ പ്രസംഗിക്കും. സൗഹൃദത്തിന്റെ തണലിൽ എന്നതിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ, പി. രവികുമാർ, പ്രിയദാസ് മംഗലത്ത്, സി. റഹിം, രാധാലക്ഷ്മി, പദ്മരാജൻ, സുലോചന റാം മോഹൻ, അശ്വതി അരവിന്ദാക്ഷൻ എന്നിവർ സൗഹൃദത്തിന്റെ നിമിഷങ്ങൾ പങ്കുവയ്ക്കും.
തുടർന്നു വൈകുന്നേരം 6.30നു നടക്കുന്ന ആദര സമ്മേളനത്തിൽ സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിക്കും. ജി. ശങ്കർ ഉപഹാരം സമർപ്പിക്കും. പ്രഫ. അലിയാർ, മധുപാൽ എന്നിവർ ആദരണ പ്രഭാഷണങ്ങൾ നടത്തും. വിജയകൃഷ് ണൻ മറുപടി പ്രസംഗം നടത്തും.