ക്രിസ്മസിനെയും പുതുവത്സരത്തേയും വരവേൽക്കാനൊരുങ്ങി തലസ്ഥാനം
1484626
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പമേളയും ദീപാലങ്കാരവും ഈ മാസം 24 മുതൽ ജനുവരി മൂന്നുവരെ കനകക്കുന്ന് കൊട്ടാരവളപ്പിൽ നടക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു.
"വസന്തോത്സവം 20 24’ ന്റെ നടത്തിപ്പിനായി മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ജി.ആർ. അനിൽ എന്നിവർ മുഖ്യ രക്ഷാധികാരികളായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. എംപിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം എന്നിവരും ജില്ലയിലെ എംഎൽഎമാരും മേളയുടെ രക്ഷാധികാരികളായിരിക്കും.
മേയർ ആര്യ രാജേന്ദ്രൻ വർക്കിംഗ് ചെയർമാനും ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു ജനറൽ കണ്‍വീനറുമാണ് ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരാണു സമിതിയുടെ കണ്‍വീനർമാർ.
വൻകിട നഗരങ്ങളിൽ സംഘടിപ്പിക്കുന്നതിനു സമാനമായ വൈവിധ്യപൂർണവും വർണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്. അണിഞ്ഞൊരുങ്ങിയ കനകക്കുന്നിന്റെ വീഥിയിലൂടെ വർണവിളക്കുകളുടെ മനോഹാരിതയിൽ പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്മസും പുതുവർഷവും ആസ്വദിക്കുന്നതിനു മേള വേദിയാകും.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം വകുപ്പ് നടത്തിവന്നിരുന്ന ഓണം വാരാഘോഷം ഇക്കുറി ഒഴിവാക്കിയിരുന്നു. അതിനാൽ തന്നെ "വസന്തോത്സവം 2024' തലസ്ഥാനത്ത് വിപുലമായാണു സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇതു തലസ്ഥാനവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉത്സവാന്തരീക്ഷം സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനവീയം വീഥി, കനകക്കുന്ന്, ഇഎംഎസ് പാലം, ബേക്കറി ഫ്ളൈ ഓവർ എന്നിവ ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള 22 കെട്ടിടങ്ങളുടെ ദീപാലങ്കാരമടക്കം കോടികളുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്.
മേളയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകൾ, നഴ്സറികൾ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രജിസ്ട്രേഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. (940005 5397, info@dtpcthiruvananth apuram.com). കൂടാതെ അമ്യൂസ്മെൻറ് ട്രേഡ് ഫെയർ, ഭക്ഷ്യമേള, സ്റ്റീംഡ് ഫുഡ് ഒൗട്ട്ലെറ്റ് എന്നിവയ്ക്കും ഡിടിപിസി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.