സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: കെ. സുരേന്ദ്രൻ
1484623
Thursday, December 5, 2024 6:56 AM IST
മധു മുല്ലശ്ശേരി ബിജെപി അംഗത്വമെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തു സിപിഎമ്മിൽനിന്നും ബിജെപിയിലേക്കു വലിയ ഒഴുക്കു തുടരുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിന്റെ ഭാഗമായാണ് മധു മുല്ലശേരി ബിജെപിയിലെത്തിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎം പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു.
പിണറായിയിൽനിന്നും തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിനു ബദലായി കാണുന്നതു ബിജെപിയെയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎംവിട്ടു വന്ന മധു മുല്ലശേരിയ്ക്കു ബിജെപി അംഗത്വം നൽകി പ്രസംഗിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
പാർട്ടി മാറുന്നവർക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുകയാണ്. ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിനു കേസെടുത്തത് ഇതിന്റെ ഉദാഹരണമാണ്. ഗാർഹിക പീഡനത്തിനു കേസെടുക്കുകയാണെങ്കിൽ ഭരണകക്ഷിയിലെ മന്ത്രിമാർക്കെതിരെ കേസെടുക്കേണ്ടി വരും. ബിജെപിയിൽ ചേരുന്നവർക്കു മതിയായ സംരക്ഷണം നൽകും.
തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളും എൻഡിഎക്കു നഷ്ടപ്പെട്ടതു പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ്. മധുവിനെ പോലെയുള്ള മികച്ച സംഘാടകർ പാർട്ടിയിലെത്തുന്നതോടെ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്കു സാധിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയെ ഓണ്ലൈനിലൂടെയാണു കെ. സുരേന്ദ്രൻ ബിജെപി അംഗമാക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നേതാക്കളായ വി.ടി. രമ, സി. ശിവൻകുട്ടി, കരമന ജയൻ, എസ്.സുരേഷ്, ജെ.ആർ. പദ്മകുമാർ എന്നിവർ പങ്കെടുത്തു.