വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1484441
Wednesday, December 4, 2024 10:40 PM IST
വിഴിഞ്ഞം: 97കാരനായ വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിൽ കിണറ്റിൽ ചാടിയതാകാമെന്നു ബന്ധുക്കൾ. വെങ്ങാനൂർ ആഴാകുളം തൊഴിച്ചൽ സരസ്വതി വിലാസത്തിൽ അപ്പുക്കുട്ടൻ ആശാരി (97) ആണ് മരിച്ചത്.
മൂന്നു മക്കളുടെ പിതാവായ അപ്പുക്കുട്ടൻ വർഷങ്ങളായി ബന്ധുവായ ബൈജു എന്നയാളുടെ വീട്ടിലാണ് താമസം. ഒരു മാസം മുൻപ് ഭാര്യ ലളിതയുടെ മരണത്തോടെ ഒറ്റപ്പെട്ട ഇയാൾ ഏറെ മനോവിഷമത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഇന്നലെ രാവിലെ മുതൽ കാണാതായ ഇയാളെ തിരയുന്നതിനിടയിലാണ് വീട്ടുമുറ്റത്തെ ഏകദേശം അൻപതടിയോളം താഴ്ചയുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
രാത്രി പന്ത്രണ്ടിനും രാവിലെ ആറിനുമിടയിലുള്ള സമയത്താകാം കിണറ്റിൽ വീണതെന്നും പോലീസ് കരുതുന്നു. വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർമാൻ ബിജു കിണറ്റിലിറങ്ങി വലയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
കോവളം പോലീസ് മേൽനടപടി സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മൂന്നു മക്കളിലൊരാളായ ശശികല കല്ലുവെട്ടാൻ കുഴിയിലും രണ്ടാമത്തെയാളായ മുരുകൻ ആര്യനാട്ടുമാണ് താമസം. മൂന്നാമത്തെ മകൻ കുമാർ 13 വർഷം മുൻപ് മരണമടഞ്ഞു. വർധക്യസഹജമായ അസുഖമുള്ള അപ്പുക്കുട്ടൻ ആശാരിയെ ഇടവിട്ട് മക്കളും അന്വേക്ഷിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.