ഓണ്‍ലൈന്‍ ജോലി വാഗ്ദാനം നല്കി പണം തട്ടി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
1484383
Wednesday, December 4, 2024 6:36 AM IST
നേമം : ഓണ്‍ലൈന്‍ ജോലി വാഗ്ദാനം നല്കി നേമം ശാന്തിവിള കുരുമി സ്വദേശിനി മഹാലക്ഷ്മിയില്‍ നിന്നും മൂന്നുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശിയെ നേമം പോലീസ് അറസ്റ്റുചെയ്തു.
ചെന്നൈ, ജിഎം പേട്ട റോഡ് റോയ്പുരം കാശിനാട് വില്ലേജില്‍ പ്രഭു (39) നെയാണ് അറസ്റ്റുചെയ്തത്. മഹാലക്ഷ്മിയില്‍ നിന്നും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് ഇയാള്‍ പണം തട്ടിയത്. വാട്ട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴിയാണ് തട്ടിപ്പ്.
ആദ്യം കുറച്ച് പണം നിക്ഷേപിച്ച ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും അതിന് പ്രതിഫലമായി കൂടുതല്‍ പണം നല്‍കുകയും ചെയ്താണ് ആദ്യം ആളുകളെ വലയിലാക്കുന്നത്.
പിന്നീട് കൂടുതല്‍ പണം നിക്ഷേപിക്കുന്നതോടെ ഈ സൈറ്റുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. പല സംസ്ഥാനങ്ങളിലായിട്ടാണ് തട്ടിപ്പിന്റെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. നേമം സിഐ രഗീഷ് കുമാർ, എഎസ്ഐ മുരുകന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജി, സജീവ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.