മലയോര മേഖലയിൽ മുണ്ടിനീര് വ്യാപിക്കുന്നു
1484381
Wednesday, December 4, 2024 6:36 AM IST
കാട്ടാക്കട: മലയോര മേഖലയിൽ മുണ്ടിനീര് വ്യാപകമാകുന്നു. പത്തോളം സ്കൂളുകളിലെ പ്രീപ്രൈമാറി ക്ലാസുകൾക്ക് അവധി നൽകി. ഗ്രാമീണ മേഖലയിൽ രണ്ടാഴ്ചയോളമായി ഇതേസ്ഥിതിയാണുള്ളത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞതായി ആരോഗ്യവിദഗ്ധർ പറഞ്ഞു. എന്നിരുന്നാലും ഇപ്പോഴും കൂടുതൽ കുട്ടികൾ ചികിത്സയ്ക്കായി എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
കാട്ടാക്കട, കള്ളിക്കാട്, വിളപ്പിൽ, മലയിൻകീഴ്, മാറനല്ലൂർ, പൂവച്ചൽ, കുറ്റിച്ചൽ, വെള്ളനാട്, ആര്യനാട് പഞ്ചായത്തുകളിലാണ് രോഗം വ്യാപകമായി കാണുന്നത്. കാട്ടാക്കട, കണ്ടല, കള്ളിക്കാട്, ഉറിയാക്കോട് എന്നിവിടങ്ങളിലുള്ള സ്വകാര്യ-സര്ക്കാര് സ്കൂളുകളിലെ കുട്ടികളിലാണ് മുണ്ടിനീര് വ്യാപകമായത്.
ഇതോടെയാണ് പ്രീ പ്രൈമറി ക്ലാസുകൾ താത്കാലികമായി അടച്ചത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. കുട്ടികളിലാണ് കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കുന്നുണ്ട്.
വായ തുറക്കുന്നതിനും ഭക്ഷണം ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. പേശിവേദന, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. രോഗം ബാധിച്ചവരിൽ അണുബാധയുണ്ടായി നാലുമുതൽ ആറുദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. രോഗം പത്തു ദിവസം വരെ നീണ്ടു നിൽക്കും.