ഞാറുനട്ട് വിദ്യാർഥികൾ
1484375
Wednesday, December 4, 2024 6:24 AM IST
കിളിമാനൂർ: ചിന്ത്രനല്ലൂർ ഏലായിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ച് പോങ്ങനാട് ഹൈസ്കൂളിലെ വിദ്യാർഥികൾ. നഗരൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ ഒന്നാണ് ചിന്ത്രനല്ലൂർ ഏല. കൃഷിയിൽ കുട്ടികളുടെ താത്പര്യം വളർത്തുക, നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പോങ്ങനാട് ഹൈസ്കൂളിലെ കർഷക ക്ലബ്ബിലെ വിദ്യാർഥികളാണ് ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചത്.
ചിന്ത്രനല്ലൂർ ഏലായിലെ മണികണ്ഠൻ എന്ന കർഷകന്റെ പാടശേഖരത്തിലാണ് ഇത്തവണ ഞാറുനട്ടത്. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും പരിപാലന രീതികളെ കുറിച്ചും കർഷകർ കുട്ടികൾക്ക് പറഞ്ഞു നൽകി.
നെൽകൃഷിയുടെ പ്രാധാന്യവും മാഹാത്മ്യവും ഇളം തലമുറയെ ഓർമിപ്പിക്കുന്നതിനൊപ്പം കൃഷിയുടെ പ്രാധാന്യം അടുത്തറിയാൻ അവസരം ഒരുക്കാനും കൂടിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.