കേരളം അപമാനഭാരത്താൽ തലകുനിച്ചു നില്ക്കേണ്ട അവസ്ഥ: പ്രതിപക്ഷനേതാവ്
1484373
Wednesday, December 4, 2024 6:24 AM IST
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ പിഞ്ചു കുഞ്ഞിനു നേരെയുണ്ടായ അതിക്രമത്തിന്റെ അപമാനഭാരത്താൽ കേരളം തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാണുള്ളതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചുവച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയമാരെ സസ്പെൻഡ് ചെയ് തതിലൂടെ എല്ലാ അവസാനിച്ചുവെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും കരുതരുത്. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്ക് ഒഴിഞ്ഞുമാറാനാകില്ല.
ഇടതു ഭരണകാലത്ത് സി.പി.എം നടപ്പാക്കിയ അമിത രാഷ്ട്രീയവത്ക്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമതിയെ സർക്കാർ മാറ്റി. ഗുരുതര കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.