ട്രിവാൻഡ്രം ക്ലബ് ഭൂമി സർക്കാർ ഏറ്റെടുത്തു
1484372
Wednesday, December 4, 2024 6:24 AM IST
തിരുവനന്തപുരം: വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബ് സ്ഥിതിചെയ്യുന്ന സ്ഥലം തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവ്. ഉത്തരവിനെ തുടർന്നു റവന്യു വകുപ്പ് ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കി. ട്രിവാൻഡ്രം ക്ലബ് അധികൃതർക്ക് ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്നാണ് നടപടി.
യൂറോപ്യൻ ക്ലബ് എന്ന പേരിൽ 1900-ത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ക്ലബിന് അന്നു മുതൽ ഭൂമിയിൽ അവകാശമുണ്ടെന്ന ക്ലബ് അധികൃതരുടെ വാദം സർക്കാർ തള്ളി. അടിയന്തരമായി ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യു കമ്മീഷണറോട് ആവശ്യപ്പെട്ടു.
ശാസ്തമംഗലം വില്ലേജിൽപ്പെട്ട 2.25 ഹെക്ടർ ഭൂമിയാണ് ട്രിവാൻഡ്രം ക്ലബിനുള്ളത്. ഭൂമിയുടെ അവകാശം വ്യക്തമാക്കാൻ ക്ലബ് അധികൃതർ 1902-ലെ കരാർ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് ഭൂമി വാടകയ്ക്ക് നല്കുന്നതു സംബന്ധിച്ചുള്ളതാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.