കുഞ്ഞിനു നേരെ കൊടും ക്രൂരത : ശിശുക്ഷേമ സമിതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
1484371
Wednesday, December 4, 2024 6:24 AM IST
തിരുവനന്തപുരം: രണ്ടര വയസുകാരിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ശിശുക്ഷേമസമിതിയിലേക്ക് പ്രതിഷേധം നടത്തി. സമിതി ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുടെ മുറിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പടിക്കെട്ടിൽ പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തുടർന്ന് പടിക്കെട്ടിലിരുന്ന് ഇവർ പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിയത്. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുണ്‍ ഗോപിയെ കാണണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടാകുകയും പ്രവർത്തകർ മുകൾനിലയിലേക്കുള്ള പടിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
തുടർന്ന് കന്റോണ്‍മെന്റ്, മ്യൂസിയം സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തി ഇവരെ നീക്കം ചെയ്തു. ശിശുക്ഷേമ സമിതി ഓഫീസിനും കെട്ടിടസമുച്ചയത്തിനും പോലീസ് കാവൽ ഏർപ്പെടുത്തി.