റോഡ് അടച്ചിട്ട് ഒരു മാസം; ചാങ്ങ നിവാസികൾ ദുരിതത്തിൽ
1484370
Wednesday, December 4, 2024 6:24 AM IST
നെടുമങ്ങാട്: ചാങ്ങ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലേക്കു പോകുന്ന ജംഗ്ഷനിൽ ഓട നവീകരണത്തിന്റെ പേരിൽ റോഡ് അടച്ചിട്ട് ഒരു മാസം. നവീകരണം പൂർത്തിയാക്കി ഓടയിൽ സ്ലാബുകൾ തിരികെ ഇട്ടെങ്കിലും ഗതാഗതത്തിനു തുറന്നു നൽകാത്തതിനാൽ ചാങ്ങ നിവാസികളെ ദുരിതത്തിൽ.
ജംഗ്ഷനിൽ നിൽക്കുന്ന ആലിന്റെ വേരുകൾ വളർന്നിറങ്ങിയതോടെ ഓട അടഞ്ഞിരുന്നു. മഴക്കാലത്ത് ഓടയിലൂടെ എത്തു ന്ന മാലിന്യങ്ങൾ തടഞ്ഞുകിടന്ന് ഇവിടെ വെള്ളക്കെട്ടും പതിവായിരുന്നു. ഇതേതുടർന്ന് ഒരു മാസം മുൻപ് വെള്ളനാട്- ചെറ്റച്ചൽ റോഡ് നവീകരണം നടത്തുന്ന കമ്പനി അധികൃതർ റോഡ് അടച്ചിട്ടശേഷം ഓടയിൽ നവീകരണങ്ങൾ ആരംഭിച്ചിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്തശേഷം സ്ലാബുകൾ തിരികെ ഇട്ടെങ്കിലും റോഡ് അടച്ചിട്ട നടപടി ഇപ്പോഴും തുടരുകയാണ്. ഇളക്കിയ സ്ലാബിനു മുകളിൽ ടാറിംഗു നടത്തിയിട്ടില്ല.
റോഡ് അടച്ചിട്ടിരിക്കുന്നതി നാൽ ചാങ്ങയിലെ നൂറുകണക്കിനു കുടുംബങ്ങൾ യാത്രാദുരിതത്തിലാണ്. ചാങ്ങ ഭദ്രകാളി ക്ഷേത്ര ദർശനത്തിനെത്തുന്നവരും ക്ഷേത്രം ഓഡിറ്റോറിയത്തിൽ വിവാഹം, റിസെപ്ഷൻ തുടങ്ങി വിവിധ ചടങ്ങുകൾക്ക് വരുന്നവരും ബുദ്ധിമുട്ടുന്നുണ്ട്.
ജംഗ്ഷനിലെ ആലിന്റെ സമീപത്തൂടെയുള്ള മറ്റൊരു ചെറിയ റോഡിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. വലിയ വാഹനങ്ങൾ ഇവിടെ തിരിയാത്തതുമൂലം സ്കൂൾ ബസുകളിൽ കുട്ടികളെ കയറ്റിവിടാൻ പോലും നാട്ടുകാർക്കു സാധിക്കുന്നില്ല. ഉൾപ്രദേശങ്ങളിൽ നിന്നും കുട്ടികളെ ചാങ്ങ ജംഗ്ഷനിലെത്തിച്ച് ബസ് കയറ്റി വിടേണ്ട അവസ്ഥയിലാണ് നാട്ടുകാർ.