ജില്ലയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി; മധു മുല്ലശേരിയെ സിപിഎം പുറത്താക്കി
1484369
Wednesday, December 4, 2024 6:24 AM IST
തിരുവനന്തപുരം: പാർട്ടി മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്നു മധു മുല്ലശേരിയെ സിപിഎം പുറത്താക്കി. കഴിഞ്ഞദിവസം ചേർന്ന പാർട്ടി മംഗലപുരം ഏരിയാസമ്മേളനത്തിൽ സെക്രട്ടറിയായിരുന്ന മധുവിനെ മാറ്റിയിരുന്നു. ഇതിൽ പ്രകോപിതനായ മധു സമ്മേളനത്തിൽനിന്നും ഇറങ്ങിപ്പോകുകയും പുറത്തുവന്നു പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയും ജില്ലാ സെക്രട്ടറിക്കെതിരെയും പരസ്യവിമർശനം നടത്തുകയും ചെയ്തു.
ഇതിനു പിന്നാലെ മധു ബിജെപിയിലേയ്ക്കു പോകാനുള്ള തയാറെടുപ്പിനിടെയാണു സിപിഎം അദ്ദേഹത്തെ പുറത്താക്കിയത്. മുധുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി അറിയിച്ചു. മധു മുല്ലശേരിയെ അനുനയിപ്പിക്കാനുള്ള ശ്രമം ചില നേതാക്കൾ നടത്തിയെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നടപടി വേണമെന്ന നിലപാടിലായിരുന്നു.
എന്നാൽ സമ്മേളനകാലമായതിനാൽ മധുവിനെതിരെ നടപടിയെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കൂടി അനുമതി ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണു നേരത്തേ സ്വീകരിക്കേണ്ട അച്ചടക്ക നടപടി ഇത്രയും വൈകിയത്.
മധു മുല്ലശേരി ബിജെപിയിൽ
തിരുവനന്തപുരം: സിപിഎം പുറത്താക്കിയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ ചേരും. ഇന്നു രാവിലെ 10.30-നു തൈക്കാടുള്ള ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മധുവിന് അംഗത്വം നൽകും. ഇന്നലെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മധുവിനെ വീട്ടിലെത്തി കണ്ടിരുന്നു.