മലിനജലം തോട്ടിലേക്ക് ഒഴുക്കാൻ സ്വകാര്യ വ്യക്തികളുടെ പൈപ്പ് നിർമാണം
1484367
Wednesday, December 4, 2024 6:24 AM IST
കാട്ടാക്കട പഞ്ചായത്ത് നടപടിയെടുത്തു
കാട്ടാക്കട: ജലജീവൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ കുഴിച്ച കുഴി വെട്ടിപ്പൊളിച്ച് ഇതിലൂടെ വീടുകളിലേയും സ്ഥാപനങ്ങളിലേ യും മലിനജലം തോട്ടിലേക്ക് ഒഴുക്കാൻ അനധികൃതമായി പൈപ്പ് ഘടിപ്പിച്ചവർക്കെതിരെ കാട്ടാക്കട പഞ്ചായത്ത് നടപടി സ്വീകരിച്ചു. നെയ്യാറിൽ ജലം എത്തുന്ന കുളത്തുമ്മൽ തോട്ടിലേക്ക് മാലിന്യമൊഴുക്കാനുള്ള ശ്രമമാണു പരാതിയെ തുടർന്ന് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
കാട്ടാക്കട തിരുവനന്തപുരം റോഡിൽ ബിവറേജസ് റോഡിൽ ബിവറേജസിനു മുന്നിലാണ് അനധികൃത പൈപ്പ് നിർമാണം നടത്തിയത്. ജലജീവൻ പൈപ്പ് ലൈനിനുവേണ്ടി നിർമാണ പ്രവൃത്തി നടത്തുന്ന കരാറുകാരുമായി ഒത്തുചേർന്നാണ് ഇത്തരത്തിൽ അനധികൃതമായി നിർമാണ പ്രവർത്തനം നടത്തിയത് എന്നാണ് കണ്ടെത്തൽ.
പ്രവർത്തികൾക്കുശേഷം ഈ ഭാഗത്ത് ഭാഗികമായി മണ്ണിട്ടുമൂടി കരാറുകാരും ജീവനക്കാരും മടങ്ങി. ഇതിനുശേഷം വൈകുന്നേരത്തോടെയാണ് ഇതേ കുഴിയിലൂടെ കെട്ടിടങ്ങളിൽനിന്നും മലിനജലം ഒഴിക്കാൻ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയത്. ഇതുതടഞ്ഞാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
കാട്ടാക്കട പഞ്ചായത്ത് സൂപ്രണ്ട് ഉൾപ്പെടെ ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ പരിശോധനയിൽ ആറു കെട്ടിട ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുകയും മണ്ണിട്ടുമൂടിയ കെട്ടിട ഉടമകൾ ക്കെതിരെ ഇവിടെനിന്നു മണ്ണുമാറ്റി അനധികൃത നിർമാണം പൊളികാൻ നിർദേശം നൽകി ഇവർക്കെതിരെയും വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.