വിഴിഞ്ഞം തുറമുഖം ഇനി കൊമേഴ്സ്യൽ തുറമുഖം
1484366
Wednesday, December 4, 2024 6:24 AM IST
അഞ്ചുമാസം നീണ്ട ട്രയൽ റണ്ണിന് വിജയം
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് നാളെ ഒൻപതാണ്ട്. തുറമുഖം ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് പൂർത്തീകരണം.
അഞ്ചു മാസം നീണ്ട ട്രയൽ റണ്ണിന് അപ്രതീക്ഷിതമായ വിജയവും കണ്ടു. ഇനി മുതൽ ലോകത്തിലെ ഏതുതരം കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാവുന്ന കൊമേഴ്സ്യൽ തുറമുഖമായി മാറിയതോടെ ഒന്നാംഘട്ട കരാറിനും പൂർത്തി യായി. പറഞ്ഞതിലും താമസിച്ചാണെങ്കിലും വിഴിഞ്ഞം ലോകത്തിനു മുന്നിൽ കരുത്തു തെളിയിച്ചു.
ട്രയൽ റൺ സമയത്തു തന്നെ അൾട്രാലാർജ് മദർഷിപ്പുകൾ ഉൾപ്പെടെ 70 ചരക്ക് കപ്പലുകൾ എത്തുകയും 1.47ലക്ഷം ടിയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ മറ്റെല്ലാ തുറമുഖങ്ങളെയും പിന്തള്ളി മുന്നിലെത്തിയത് കേരളത്തിന് അഭിമാനമായി.
ഇനി കമ്മീഷനിംഗ് എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രധാനമന്ത്രിയുടെ വരവും കാത്തിരിക്കുകയാണ് അധികൃതർ. ഇക്കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ ആറുമാസം കൊണ്ടു പ്രതീക്ഷിച്ചതിലും അപ്പുറം വിജയം കണ്ടത് അധികൃതരുടെ ആത്മവിശ്വാസവും വർധിച്ചു.
വിഴിഞ്ഞം ഇന്റർനാഷണൽ സിപോർട്ട് ലിമിറ്റഡ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായി എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചു.
ഒന്നാംഘട്ട നിർമാണവും ക്രമീകരണങ്ങളും പൂർത്തിയാക്കിയതിന്റെ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നാളെ കൈമാറുന്ന തോടെ വിഴിഞ്ഞം സുഗമമായി ചരക്ക് കപ്പലുകൾ അടുപ്പിക്കാൻ പൂർണസജ്ജമാകും. തുറമുഖത്തിന്റെ പ്രവർത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തിൽ ഗണ്യമായ മാറ്റത്തിന് വഴി തുറക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കും കുതിപ്പിനും കാരണമാകുമെന്നും അധികൃതർ വിലയിരുത്തുന്നു.
2015 ഡിസംബർ അഞ്ചിനാണു വിഴിഞ്ഞം എന്ന പ്രകൃതിദത്ത തീരത്ത് തുറമുഖ നിർമാണത്തിനു തുടക്കം കുറിച്ചത്. ആയിരം ദിവസംകൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്ന് അദാനിതന്നെ വേദിയിൽ നടത്തിയ പ്രഖ്യാപനം ഫലം കാണാൻ ഒൻപത് വർഷം കാത്തിരിക്കേണ്ടി വന്നു. ഓഖി ഉൾപ്പെടെ പ്രകൃതി ദുരന്തവും, മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരവും നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള നാട്ടുകാരുടെ പ്രതിഷേധവും സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയുമെ ല്ലാം നിർമാണം നീണ്ടുപോകാൻ വഴി തെളിച്ചു.
എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്ത് നിർമാണം അവസാന ഘട്ടം എത്തി നിൽക്കെ ചൈനയിൽ നിന്ന് ക്രെയിനുകളുമായി ഷെൻഹുവ - 15 എന്ന കൂറ്റൻ കപ്പൽ യാതൊരു തടസവുമില്ലാതെ തുറമുഖ വാർഫിൽ അടുത്തതോടെ വിഴിഞ്ഞം ലോക കപ്പൽ ഭൂപടത്തിൽ ഇടം നേടി. ആ ചരിത്രമുഹൂർത്ത ശേഷമുള്ള മുന്നേറ്റത്തിന് യാതൊരു തടസവും ഉണ്ടായില്ല.
നാനൂറ് മീറ്റർ വീതിയിലും 800 മീറ്റർ നീളത്തിലും മൂന്നു കിലോമീറ്ററിലധികം കടലിലൂടെ സുരക്ഷാ മതിലും 20 മീറ്ററിലധികം പ്രകൃതിദത്ത ആഴവും, ഒരേ സമയം രണ്ട് കൂറ്റൻ മദർഷിപ്പുകളെ അടുപ്പിക്കാനുള്ള വാർഫും നിരവധി കപ്പലുകൾക്ക് ഒരേ സമയം നങ്കൂരമിടാനുള്ള വിശാലമായ പുറംകടൽ തീരവുമുള്ള ലോകത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. കര മാർഗമുള്ള ഗതാഗതം കൂടി ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ മുഖച്ഛായയും മാറും.